
കണ്ണൂർ ജില്ലയിലെ ആന്തൂരിലെ വൈദേകം റിസോര്‍ട്ടില്‍ ഇന്‍കം ടാക്സ് വകുപ്പിൻ്റെ പരിശോധന. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ്റെ ഭാര്യ ചെയര്‍പേഴ്‌സണായ റിസോര്‍ട്ടാണ് പരിശോധന നടക്കുന്ന വൈദേകം. ഇ.പിയുടെ മകനും നിക്ഷേപമുള്ള റിസോര്‍ട്ടാണ് വൈദേകം.
റിസോര്‍ട്ടിൻ്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍ ഇ.ഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആന്തൂരിലെ നഗരസഭയ്ക്ക് കീഴിലുള്ള മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ പേരിലാണ് നിലവില്‍ വിവാദങ്ങളുയരുന്നത്. 30 കോടി രൂപ മുടക്കി നിര്‍മിക്കുന്ന റിസോര്‍ട്ടിന് പിന്നില്‍ സി.പി.എം കണ്‍വീനര്‍ ജയരാജനാണെന്ന ഗുരുതര ആരോപണങ്ങളുമായി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു.
2014 ലാണ് കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് സ്ഥാപിതമായത്. പദ്ധതിയുടെ ആദ്യഘട്ടം മുതല്‍ നിരവധി ആരോപണങ്ങളാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്നത്. ഇ.പി ജയരാജന് കമ്പനിയോടുള്ള അടുത്ത ബന്ധവും പരിസ്ഥിതി നിര്‍മാണ ചട്ടങ്ങളില്‍ നിരവധി ഇളവുകള്‍ ആന്തൂര്‍ നഗരസഭ നല്‍കിയിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.

നിരവധി ഡയറക്‌ടര്‍മാരുള്ള കമ്പനിയില്‍ കൂടുതല്‍ ഓഹരിയുള്ളത് ഇ.പി ജയരാജന്‍റെ മകന്‍ പി.ജെ ജെയ്‌സണാണ്. മാത്രമല്ല ഇ.പി ജയരാജന്‍റെ ഭാര്യയും ഇതിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് മെമ്പറാണ്. വിദേശികള്‍ അടക്കം നിരവധി പേരെത്തുന്ന ഇവിടെ റിസോര്‍ട്ട് ഒരുക്കുന്നതിനായി കമ്പനി കണ്ടെത്തിയ സ്ഥലം ഉടുപ്പാക്കുന്നാണ്. നിര്‍മാണത്തിനായി കുന്ന് ഇടിച്ച് നിരത്തിയതോടെ തന്നെ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു.
