
മുൻ മിസ് കേരളയടക്കം മൂന്ന്പേർ വാഹനാപകടത്തിൽ മരിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ തൃശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരാണു മരിച്ചത്. എന്നാൽ വാഹന ആപകടവുമായി പുതിയ വെളിപ്പെടുത്തലുകളും ഇപ്പോൾ പുറത്ത് വരുകയാണ്.

കാറോടിച്ച മാള സ്വദേശിയായ അബ്ദുൽ റഹ്‌മാൻ പൊലീസിന് മൊഴി നൽകിയത് ഓഡി കാർ ചേസ് ചെയ്തതാണ് അപകടകാരണമെന്നാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഹ്‌മാൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. ഓഡി കാർ പിറകെ പായുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
ഇരുസംഘവും മത്സരയോട്ടം നടത്തിയതാണോ എന്നും പൊലീസിന് സംശയമുണ്ട്. അപകടശേഷം നിമിഷങ്ങൾക്കകം ഓഡി കാർ തിരികെ അപകടസ്ഥലത്തെത്തി. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്. കാറിൽ നിന്ന് സുഹൃത്ത് ഇറങ്ങുന്ന ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
‘പൊലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നയാൾ. രൂക്ഷമായ ഗന്ധമുണ്ടായിരുന്നതിനാൽ ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചതാണ് അപകട കാരണമായത് എന്ന് ഉറപ്പായിരുന്നു’ സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാരിൽ ഒരാളുടേതാണ് വാക്കുകൾ. സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നതാണു ദുരന്ത വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.
അത്ര വലിയൊരു അപകടത്തിൽനിന്നു ഡ്രൈവർ മാത്രം എങ്ങനെ രക്ഷപ്പെട്ടതും അതിനാൽ തന്നെ. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചു എന്നതും എയർ ബാഗ് ഉപയോഗിച്ചിരുന്നു എന്നതുമാണ് കാരണം.
കാറിൻ്റെ ഇടതു ഭാഗമാണു മരത്തിലേക്ക് ഇടിച്ചു കയറിയത് എന്നതിനാൽ മുൻ സീറ്റിലിരുന്ന യുവതിയെ പുറത്തെടുക്കുമ്പോൾ വാഹനത്തിനും മരത്തിനും ഇടയിൽ ഞെങ്ങിഞെരുങ്ങിയ നിലയിലായിരുന്നു. ഇത്ര വലിയൊരു അപകടത്തിൽ സീറ്റ് ബെൽറ്റും എയർബാഗും മരണം ഒഴിവാക്കാൻ സഹായിക്കില്ല.
