
കാസര്‍കോട്: ചെങ്കള പഞ്ചായത്ത് പുതിയ കെട്ടിടവും നവീകരിച്ച മെയിന്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് ഒരു കോടി 68 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി പണികഴിപ്പിച്ച പുതിയ കെട്ടിടം എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എയും നവീകരിച്ച മെയിന്‍ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രയാസങ്ങള്‍ക്കും പരിമിതികള്‍ക്കും ഇടയില്‍ നിന്ന് പഞ്ചായത്ത് ഭരണസമിതി നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഈ കെട്ടിടം യാഥാര്‍ത്ഥ്യമായതെന്ന് എം.എല്‍.എ പറഞ്ഞു.പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു, അദ്ദേഹം.
തൊഴിലെടുക്കുന്ന ഇടം മികച്ചതായാല്‍ തൊഴിലും മികച്ചതാകുമെന്നും, ജീവനക്കാര്‍ക്ക് കൂടുതല്‍ ഉന്മേത്തോടെ ജോലി ചെയ്യാനുള്ള സൗകര്യമാണ് പഞ്ചായത്ത് അധികൃതര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും നവീകരിച്ച മെയിന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷയായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ ജലീല്‍ വിശിഷ്ട അതിഥിയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.അഹമ്മദ്ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.ആര്‍.എം ചെങ്കള എന്ന മൊബൈല്‍ ആപ്പിന്‍റെ ലോഞ്ചിങ് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് സമീറ, ബ്ലോക്ക് പഞ്ചയത്ത് മെമ്പര്‍ കദീജ മഹ്മൂദ്, വാര്‍ഡ് മെമ്പര്‍ അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.എ മക്കാര്‍ മാസ്റ്റര്‍, ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ബി അബ്ദുല്ല ഹാജി,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സന്തോഷ്, ചെങ്കള പഞ്ചായത്ത് എ.ഇ രാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ശാന്താകുമാരി സ്വാഗതവും സെക്രട്ടറി എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
ജില്ലയില്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തായ ചെങ്കളയ്ക്ക് മനോഹരമായ കെട്ടിടം പണിത് നല്‍കിയത് നിര്‍മ്മിതി കേന്ദ്രമാണ്. മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്രസിഡന്റ് ഓഫീസ്, മീറ്റിങ് ഹാള്‍, സെര്‍വര്‍ റൂം, റെക്കോഡ് റൂം എന്നിവയും ചേര്‍ന്നതാണ് പുതിയ കെട്ടിടം. പുതിയ ഇരു നില കെട്ടിടത്തില്‍ പ്രധാന ഓഫീസിനൊപ്പം അസിസ്റ്റന്റ് എഞ്ചിനീയര്‍, തൊഴിലുറപ്പ്, കുടുംബശ്രീ, ഐ.സി.ഡി.എസ് തുടങ്ങിയ ഓഫീസുകള്‍, ഫ്രണ്ട് ഓഫീസ്, മെമ്പര്‍മാര്‍ക്കുള്ള പ്രത്യേക മുറി, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, അക്കൗണ്ടന്റ് എന്നിവര്‍ക്കുള്ള പ്രത്യേക ക്യാബിനുകളും ഒരുക്കിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ഏറ്റവും വലുതും മികച്ചതുമായ പഞ്ചായത്ത് ഓഫീസ് എന്ന പ്രത്യേകതയും ചെങ്കളയ്ക്ക് സ്വന്തമാകും.

പഞ്ചായത്ത് ഓഫീസില്‍ നിത്യവും എത്തുന്ന നൂറോളം അപേക്ഷകളില്‍ ഭൂരിഭാഗവും പഞ്ചായത്ത് ഓഫീസില്‍ സൂക്ഷിക്കേണ്ടതും ആവശ്യാനുസരണം തിരിച്ചെടുക്കേണ്ടതുമാണ്. വര്‍ഷങ്ങളായി പതിനായിരത്തിലധികം ഫയലുകളും റെക്കോഡ് റൂമില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. ആവശ്യാനുസരണം ഇവ തിരിച്ചെടുക്കുമ്പോള്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വിലയേറിയ സമയം നഷ്ടപ്പെടുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ചെങ്കള പഞ്ചായത്തിന്റെ വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റക്കോഡ് റൂം മാനേജ്‌മെന്റ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
ആര്‍.ആര്‍.എം ചെങ്കള എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ജീവനക്കാരുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഫയലുകള്‍ റെക്കോഡ് റൂമില്‍ സൂക്ഷിച്ച് വെക്കുന്നതിന് അനുസരിച്ച് ആപ്ലിക്കേഷനില്‍ ഡാറ്റ എന്‍ട്രി നടത്തി സേവ് ചെയ്യും പിന്നീട് ആവശ്യാനുസരണം ഫയലിന്‍റെ ഏതെങ്കിലും പരാമീറ്റര്‍ ഉപയോഗിച്ച് ഫയല്‍ സെര്‍ച്ച് ചെയ്ത് എടുക്കാവുന്നതാണ്. 98000 രൂപ ചിലവില്‍ ക്ലൗഡ് സ്റ്റോറേജും ബാക്ക് അപ്പും ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനാണിത്. ഈ ആപ്പ് നിലവില്‍ വരുന്നതോടെ ഒരു മിനുറ്റിനകം ഫയലുകള്‍ റെക്കോഡ് റൂമില്‍ നിന്നും തിരഞ്ഞെടുക്കാം. വിവിധ സേവനങ്ങളാക്കായി പഞ്ചായത്തിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് ഇനി കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭ്യമാകും.
