
വായ്പാ അപേക്ഷ നിരസിച്ചതിൽ പ്രകോപിതനായ യുവാവ് ബാങ്കിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവമുണ്ടായത്. റാട്ടിഹള്ളി ടൗണിൽ താമസിക്കുന്ന വസീം ഹസരത്‌സാബ് മുല്ല (33) യാണ് കൃത്യം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 436, 477, 435 വകുപ്പുകൾ പ്രകാരം കാഗിനെല്ലി പോലിസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പോലിസ് അറിയിച്ചു.

കാഗിനെലെ പോലിസിൻ്റെ അധികാരപരിധിയിൽ ഹെഡുഗൊണ്ട വില്ലേജിൽ സ്ഥിതിചെയ്യുന്ന കാനറാ ബാങ്ക് ശാഖയിൽനിന്ന് വായ്പയെടുക്കാൻ മുല്ല അപേക്ഷ സമർപ്പിച്ചതായി റിപോർട്ടുകൾ പറയുന്നു.
എന്നാൽ, രേഖകൾ പരിശോധിച്ചതിന് ശേഷം സിബിൽ സ്‌കോർ കുറവായതിനാൽ ബാങ്ക് അപേക്ഷ നിരസിച്ചു. ഇതിൽ പ്രകോപിതനായ മുല്ല ശനിയാഴ്ച രാത്രി ബാങ്കിൻ്റെ ശാഖയിലെത്തി. ജനൽ തകർത്ത് ബാങ്കിൻ്റെ ഓഫിസിനുള്ളിൽ പെട്രോൾ ഒഴിച്ചു. തുടർന്ന് ഓഫിസിന് തീയിട്ടു.
വഴിയാത്രക്കാർ ബാങ്കിൽനിന്ന് പുക ഉയരുന്നത് കണ്ട് പോലിസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തീപ്പിടിത്തത്തിൽ 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പോലിസ് പറഞ്ഞു.
