ഗവര്‍ണര്‍ കലിപ്പില്‍ പണികൊടുക്കുമോ? സാമ്പത്തിക അടിയന്തരാവസ്ഥ വന്നാല്‍ എന്ത് സംഭവിക്കുമെന്ന് തുറന്നുപറഞ്ഞ് ഡോ. തോമസ് ഐസക്

You are currently viewing ഗവര്‍ണര്‍ കലിപ്പില്‍ പണികൊടുക്കുമോ? സാമ്പത്തിക അടിയന്തരാവസ്ഥ വന്നാല്‍ എന്ത് സംഭവിക്കുമെന്ന് തുറന്നുപറഞ്ഞ് ഡോ. തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പല കാരണങ്ങളുമുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി പകപോക്കുകയാണെന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത്. വായ്‌പാ പരിധി വെട്ടിച്ചുരുക്കിയും കേന്ദ്ര വിഹിതം വെട്ടിക്കുറച്ചുമെല്ലാം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 57,000 കോടി രൂപ ഇല്ലാതാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്.

പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഗവര്‍ണര്‍ സംസ്ഥാനത്ത് സാമ്പത്തിക അടിന്തരാവസ്ഥയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ലഭിച്ച ഒരു നിവേദനം സര്‍ക്കാരിൻ്റെ വിശദീകരണത്തിനായി നല്‍കിയിരിക്കുകയാണ്

സംസ്ഥാന സര്‍ക്കാരുമായി പോരടിക്കുന്ന ഗവര്‍ണര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ദുര്‍ബലമാക്കാനും ലഭിച്ച അവസരം വിനിയോഗിക്കാന്‍ മടി കാണിച്ചേക്കില്ല. സര്‍ക്കാരിനെതിരെ ധനകാര്യ അടിയന്തരാവസ്ഥ ഭീഷണി നിലനില്‍ക്കെ ഇതേക്കുറിച്ച്‌ പ്രതികരിക്കുകയാണ് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. സാമ്പത്തിക അടിയന്തരാവസ്ഥ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യത്തിലും വെട്ടിക്കുറയ്ക്കലും ഉണ്ടാകുമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യയില്‍ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനത്തിന് നേരെ ഉയര്‍ത്തുകയാണ്. ഭരണഘടനയുടെ 360-ാം വകുപ്പ് പ്രകാരം രാജ്യത്തോ സംസ്ഥാനത്തോ ധനകാര്യ സുസ്ഥിരതയിലോ കടഭാരത്തിലോ അതീവഗുരുതരമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നൂവെന്ന് പ്രസിഡണ്ടിന് ബോധ്യപ്പെട്ടാല്‍ ധനകാര്യ അടിയന്തരാവസ്ഥ രാജ്യത്തൊട്ടാകെയോ ഒരു സംസ്ഥാനത്ത് മാത്രമായോ പ്രഖ്യാപിക്കാം. രണ്ട് മാസത്തിനുള്ളില്‍ പാര്‍ലമെണ്ടിലെ ഇരുസഭകളും ഇതിന് അംഗീകാരം നല്‍കിയാല്‍ മതി. പാര്‍ലമെണ്ട് പിരിച്ചുവിട്ട വേളയിലാണെങ്കില്‍ പുതിയ ലോകസഭയുടെ ആദ്യത്തെ സമ്മേളനത്തിന് ശേഷം 30 ദിവസത്തിനുള്ളില്‍ അംഗീകാരം നേടിയാല്‍ മതി. പ്രസിഡണ്ട് പിന്‍വലിക്കുന്നതുവരെ അടിയന്തരാവസ്ഥ തുടരും.

360-ാം വകുപ്പ് പ്രകാരമുള്ള ഒരു സ്ഥിതിവിശേഷം സംസ്ഥാനത്ത് നിലവിലുണ്ടോ എന്നത് സംബന്ധിച്ചു പഠിക്കാന്‍ ഗവര്‍ണ്ണര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന് ഒരു അഞ്ചാംപത്തിക്കാരന്‍ കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിന് നല്‍കിയ നിവേദനം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചിരിക്കുകയാണ്. അതിന് മുഖ്യമന്ത്രി മറുപടി നല്‍കി കഴിഞ്ഞു. കിട്ടുന്ന നിവേദനമൊക്കെ സംസ്ഥാന സര്‍ക്കാരിന് അയച്ചാല്‍ മറുപടി നല്‍കാനുള്ള ബാധ്യതയൊന്നും സര്‍ക്കാരിനില്ല.

കേരളത്തിലെ ധനപ്രതിസന്ധി കേന്ദ്രത്തിൻ്റെ ബോധപൂര്‍വ്വമുള്ള ഒരു സൃഷ്ടിയാണ്. ധനകാര്യ കമ്മീഷൻ്റെ തീര്‍പ്പില്‍ കുറഞ്ഞുവരുന്ന വിഹിതത്തിൻ്റെയും ജി.എസ്.ടി കോമ്പസേഷന്‍ അവസാനിക്കുന്നതുമായ സാഹചര്യം മുതലാക്കി കേന്ദ്ര സര്‍ക്കാര്‍ രണ്ട് നീക്കങ്ങള്‍ നടത്തി. ഒന്ന്, കേരളത്തിന് ലഭിക്കേണ്ട ഗ്രാണ്ടുകളില്‍ 5000-ത്തില്‍പ്പരം കോടി കുടിശികയാക്കി. ഒരു പ്രത്യേക ധനസഹായവും കേരളത്തിന് നല്‍കില്ലായെന്ന നിലപാട് സ്വീകരിച്ചു. രണ്ട്, സംസ്ഥാനത്തിൻ്റെ അര്‍ഹമായ വായ്‌പയുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അങ്ങനെയാണ് ധനപ്രതിസന്ധി സൃഷ്ടിച്ചത്.

സംസ്ഥാന സര്‍ക്കാരിൻ്റെ തനത് വരുമാനം കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 45 ശതമാനം വര്‍ദ്ധിച്ചില്ലായിരുന്നെങ്കില്‍ ട്രഷറി എന്നേ പൂട്ടിയേനെ. വായ്‌പ സംബന്ധിച്ച്‌ ശുദ്ധ തോന്ന്യാസമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഇതുവരെ എടുത്തിട്ടുള്ള ഒരു ഓഫ് ബജറ്റ് വായ്‌പയും ഇതുവരെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്രം ഇപ്പോഴും അങ്ങനെ ചെയ്യുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് സംസ്ഥാനത്തിനുമേല്‍ പുതിയൊരു ചട്ടം അടിച്ചേല്‍പ്പിക്കുന്നത്. അതും മുന്‍കാല പ്രാബല്യത്തോടെ. സ്വാഭാവിക നീതിയുടെ പോലും നിഷേധമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

ഇതിനെതിരായി യു.ഡി.എഫ് ഒന്നും പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ മേല്‍പ്പറഞ്ഞ ചെയ്‌തികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ന്യായീകരണവും നല്‍കലാണ് അവരുടെ നിലപാട്. സംസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള ഈ കടന്നുകയറ്റത്തെ ചെറുക്കാന്‍ അവരില്ല.

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ്റെ തിരുവനന്തപുരത്തെ കുപ്രസിദ്ധമായ പ്രസംഗത്തിന് ശേഷമാണ് ഗവര്‍ണ്ണറുടെ നീക്കമെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. കേന്ദ്രത്തിൻ്റെ വെറും പാവയാണ് ഗവര്‍ണ്ണര്‍. കേന്ദ്ര സര്‍ക്കാരിനെതിരെ അതിശക്തമായ പോരാട്ടത്തിന് കേരള ജനത ഒന്നിച്ച്‌ അണി നിരക്കേണ്ടതുണ്ട്. ജനുവരി മാസത്തില്‍ ഇത്തരമൊരു സമരത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചു കഴിഞ്ഞു.

ധനകാര്യ അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് പലര്‍ക്കും തിരിച്ചറിയുമെന്ന് തോന്നുന്നില്ല. പ്രസിഡണ്ടിന് ഗവര്‍ണ്ണര്‍ വഴി സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള അധികാരം ലഭിക്കുന്നു. അങ്ങനെ ഗവര്‍ണ്ണര്‍ക്ക് സര്‍വ്വകലാശാല ഭരിക്കുന്നതു പോലെ സര്‍ക്കാര്‍ ഭരണത്തിലും കൈകടത്താനുള്ള അധികാരം ലഭിക്കുകയാണ്. സാമ്പത്തിക അടിയന്തരാവസ്ഥയുടെ കുറിപ്പടികളില്‍ അനിവാര്യമായ ചേരുവകള്‍ ഇവയാണ്:

എല്ലാ ജീവനക്കാരുടെയോ ചില പ്രത്യേക വിഭാഗം ജീവനക്കാരുടെയോ ശമ്പളവും അലവന്‍സും വെട്ടിക്കുറയ്ക്കുക. ധനകാര്യ ബാധ്യത വരുത്തുന്ന എല്ലാ നിയമങ്ങള്‍ക്കും പ്രസിഡണ്ടിൻ്റെ മുന്‍കൂര്‍ അനുവാദം വേണം. സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിന് ആവശ്യമായ മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കുക.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമാനുകൂല്യം ലഭിക്കുന്ന പാവപ്പെട്ടവര്‍ക്കുമായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടുക. ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കണമെങ്കില്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. കക്ഷി-രാഷ്ട്രീയ ഭേദമന്യേ ധനകാര്യ വിന്യാസത്തില്‍ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും ധന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കുത്സിത നീക്കങ്ങള്‍ക്ക് എതിരായും മുഴുവന്‍ കേരളീയരും ഒന്നിച്ച്‌ അണിചേരുക.

Courtesy:KeralaOnlineNews

0Shares