അനധികൃത ബംഗ്ലാവ് നിർമ്മാണം; പഞ്ചായത്ത് ഒത്താശയിലെന്ന് സംശയം, വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

You are currently viewing അനധികൃത ബംഗ്ലാവ് നിർമ്മാണം; പഞ്ചായത്ത് ഒത്താശയിലെന്ന് സംശയം, വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പള്ളിക്കര / കാസർകോട്: ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഒത്താശയിൽ നടക്കുന്ന ബംഗ്ലാവ് നിർമ്മാണത്തിൽ വിജിലൻസ് മിന്നൽ പരിശോധന. പള്ളിക്കര പഞ്ചായത്ത് ഓഫീസിൻ്റെ വിളിപ്പാടകലെ നടക്കുന്ന അനധികൃത നിർമ്മാണത്തിലാണ് വിജിലൻസ് അധികൃതർ പരിശോധന നടത്തിയത്.


പഞ്ചായത്ത് രാജ് ആക്ടിലെ നിർമ്മാണ ചട്ടങ്ങളും തീരദേശ പരിപാലന നിയമങ്ങളും (CRZ) പാലിക്കാതെയും ആവശ്യമായ അനുമതി വാങ്ങാതെയുമാണ് നിർമ്മാണം നടക്കുന്നതെന്ന് വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

തീരദേശ പരിപാലന നിയമം പാലിക്കാതെ രണ്ടുനില ബംഗ്ലാവ് നിർമ്മാണത്തിന് പഞ്ചായത്ത് 2017ൽ അനുമതി നൽകിയിരുന്നു. എന്നാൽ തുടർന്ന് രണ്ടുനില കൂടി പണിതത് അനുമതിയില്ലാതെ ആണെന്നാണ് വിജിലൻസ് കണ്ടെത്തൽ. സംഭവം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അധികൃതർ അനധികൃതമായി നിർമ്മിച്ച ഭാഗങ്ങൾ പൊളിച്ച് മാറ്റുന്നതിന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് സ്വീകരിച്ചിട്ടും നിർമ്മാണം തുടരുകയായിരുന്നു. ഒരു നോട്ടീസ് നൽകിയതല്ലാതെ പഞ്ചായത്ത് അധികൃതർ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് സെക്രട്ടറി നിർത്തി വെയ്ക്കാൻ നടപടി സ്വീകരിച്ചു. വീടിൻ്റെ അഞ്ചാംനിലയിൽ വാട്ടർടാങ്ക് വെക്കുന്നതിന് വേണ്ടി നിർമ്മിച്ച വൃത്താകൃതിയിലുള്ള ഒരുനില ഹെലിപാഡിനാണെന്ന് തോന്നിക്കും വിധമുള്ള നിർമ്മാണമാണ്. ഈ വീടിൻ്റെ മുൻവശത്തെ പി.ഡബ്ല്യു.ഡി സ്ഥലം കയ്യേറി ഇന്റർലോക്ക് പാകിയതായും ചെങ്കല്ല് ഉപയോഗിച്ച് കെട്ടിവെച്ചതായും കണ്ടെത്തി.

പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും കർശനമായ നടപടികൾ സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം കയ്യേറ്റങ്ങളും നിർമ്മാണങ്ങളും ഉണ്ടാകുന്നതെന്ന് വിജിലൻസ് വിലയിരുത്തുന്നു.

ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ പരിശോധന സംഘത്തിൽ അസി. ടൗൺ പ്ലാനർ ടി.വി ബൈജു, അസി. സബ് ഇൻസ്പെക്ടർമാരായ വി.എം മധുസൂദനൻ, വി.ടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി.കെ രഞ്ജിത്കുമാർ, എ.വി രതീഷ് എന്നിവരും ഉണ്ടായിരുന്നു.

0Shares