ഐ.എഫ്.എഫ്.കെ വേദിയിലെ പ്രതിഷേധം; മൂന്ന് വിദ്യാർത്ഥികൾക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ്, മമ്മൂട്ടി ചിത്രത്തിൻ്റെ പ്രദർശനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഐ.എഫ്.എഫ്.കെ വേദിയിലെ പ്രതിഷേധം; മൂന്ന് വിദ്യാർത്ഥികൾക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ്, മമ്മൂട്ടി ചിത്രത്തിൻ്റെ പ്രദർശനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം

തിരുവനന്തപുരം: 27-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള വേദിയില്‍ പ്രതിഷേധിച്ച ഡെലിഗേറ്റുകള്‍ക്കെതിരെ കേസ്. മൂന്ന് വിദ്യാർത്ഥികൾക്കും കണ്ടാലറിയാവുന്ന 30 പേർക്കും എതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടന്ന നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിൻ്റെ പ്രദർശനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ടാഗോര്‍ തിയേറ്ററിന് മുമ്പില്‍ പ്രതിഷേധം ഉയർന്നത്.

തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോര്‍(25) തൃശ്ശൂര്‍ പാവറട്ടി സ്വദേശി നിഹാരിക(21) കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീന്‍(25) എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരേയുമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘംചേരല്‍, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ഡെലിഗേറ്റ് പാസ്സോ മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാര്‍ ടാഗോര്‍ തിയേറ്ററിലെ ഓഫീസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ അതിന് കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്നും തുടര്‍ന്ന് മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായതെന്നും എഫ്.ഐ.ആറിലുണ്ട്.

ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റും വിദ്യാർഥിനിയുമായ നിഹാരിക പ്രതികരിച്ചു. പാസുമായാണ് സിനിമ കാണാൻ പോയത്. പ്രതിഷേധിച്ചവർക്ക് എതിരെ കേസെടുക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നതാണ്. പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും വിദ്യാർഥിനി പറഞ്ഞു.

0Shares