ഒരാള്‍ അഞ്ച് പ്രാവശ്യം എം.എല്‍.എ ആയാല്‍ അഞ്ച് പെന്‍ഷന്‍ കിട്ടുമോ?; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നില്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഒരാള്‍ അഞ്ച് പ്രാവശ്യം എം.എല്‍.എ ആയാല്‍ അഞ്ച് പെന്‍ഷന്‍ കിട്ടുമോ?; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നില്‍

എം.എല്‍.എ മാരുടെയും അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നത് എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എം.എല്‍.എമാര്‍ക്ക് പെന്‍ഷന്‍ നല്‍കി ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമുണ്ട്. ‘ ഒരാള്‍ 5 പ്രാവശ്യം MLA ആയാല്‍ 5 പെന്‍ഷനോ? അതു പക്കാ തെമ്മാടിത്തരം അല്ലേ? ഖജനാവ് കാലിയാകുന്ന വഴികള്‍ ഇതല്ലേ? ‘ എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

എന്നാല്‍, പ്രചരിക്കുന്ന വാദം തെറ്റാണെന്ന് കണ്ടെത്തി. അഞ്ച് തവണ എം.എല്‍.എ ആയാല്‍ അഞ്ച് പെന്‍ഷന്‍ കിട്ടുമെന്ന വാദം തെറ്റാണ്. എം.എല്‍.എ മാരുടെ പെന്‍ഷന്‍ സംബന്ധിച്ച് നിയമസഭയുടെ വെബ്‌സൈറ്റില്‍ 2018 മാര്‍ച്ചില്‍ പെന്‍ഷന്‍ ഭേദഗതി ബില്‍ നിയമസഭ പാസാക്കിയതായി കണ്ടെത്താനായി. The Kerala Payment of Pension to Members of Legislature Act, 1976 എന്ന നിയമത്തിന്‍റെ ഭേദഗതിയാണ് 2018ല്‍ നിയമസഭ പാസാക്കിയത്. ഇതു പ്രകാരം മുന്‍ എം.എല്‍.എമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് നിശ്ചിത മാനദണ്ഡമുണ്ട്. അതായത്, അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ എം.എല്‍.എയ്ക്ക് 20,000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക.

എം.എല്‍.എ സ്ഥാനത്ത് നാലു വര്‍ഷം മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെങ്കില്‍ 16,000 രൂപയും മൂന്നു വര്‍ഷമാണെങ്കില്‍ 12,000 രൂപയും രണ്ടോ അതില്‍ കുറവോ വര്‍ഷം മാത്രമാണ് എം.എല്‍.എ സ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ ആ വ്യക്തിക്ക് 8,000 രൂപയുമാണ് പെന്‍ഷന്‍ ലഭിക്കുക.
ഇനി അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ എം.എല്‍.എ ആയിട്ടുണ്ടെങ്കില്‍ നിശ്ചിത തുകയായ 20,000 രൂപയോടൊപ്പം അധികമാകുന്ന ഓരോവര്‍ഷത്തിനും 1000 രൂപ വര്‍ദ്ധിക്കും.

അതായത്, പത്തു വര്‍ഷം എം.എല്‍.എ ആയിരുന്നാല്‍ 20,000 + 5000= 25,000 രൂപയാണ് ലഭിക്കുക. ഇത്തരത്തില്‍ വര്‍ധിക്കുന്ന തുക 50,000 എന്നും നിജപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ലഭിക്കുന്ന എം.എല്‍.എ പെന്‍ഷന്‍ എന്നത് 50,000 രൂപയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പെന്‍ഷനു പുറമെ യാത്രാബത്തയും ചികിത്സാ ചെലവും മുന്‍ എം.എല്‍.എമാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവര്‍ മരിച്ചുപോയാല്‍ അവരുടെ നിയമപ്രകാരമുള്ള ആശ്രിതര്‍ക്ക്‌ വ്യവസ്ഥകള്‍ക്ക് വിധേയമായി പെന്‍ഷന്‍ ലഭ്യമാക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങളില്‍ നിന്ന് അഞ്ച് പ്രാവശ്യം എം.എല്‍.എ ആയാല്‍ അഞ്ച് പെന്‍ഷന്‍ കിട്ടുമെന്നുള്ള പ്രചാരണത്തില്‍ വസ്തുതയില്ല.

0Shares