
മധൂർ (കാസർകോട്): നാൾക്കുനാൾ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ ചൂരി മേഖല സംയുക്ത ജമാഅത്ത് ആഹ്വാന പ്രകാരം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരി ഉപയോഗവും വിപണവും നടത്തി പുതു തലമുറ നശിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് നാട് ഒന്നടങ്കം ഒന്നിക്കുന്നത്. യുവാക്കൾക്കിടയിൽ ലഹരിയുടെ വിപണനം കൂടുകയും ക്രിമിനൽ പശ്ചാത്തലത്തിൽ യുവ തലമുറ അകപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജമാഅത്ത് ബോധവൽക്കരണവുമായി രംഗത്ത് എത്തിയത്.

പിടിക്കപ്പെടുന്ന ലഹരി കേസുകളിൽ കൂടുതലും മാരകമായ മയക്കുമരുന്നുകൾ അടക്കമുള്ള ലഹരി വസ്തുക്കൾ കൈവശം വെച്ചവരോ വിൽപ്പന നടത്തിയവരോ ആകുന്നു. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യംവെച്ചാണ് ഇത്തരക്കാർ ലഹരി വിൽപ്പന നടത്തുന്നത്. ഇതിൽ അകപ്പെട്ട് പോകുന്നത് അറിഞ്ഞോ അറിയാതയോ നമ്മുടെ മക്കളാണ്. അത്കൊണ്ട് തന്നെ നമ്മുടെ നാട്ടിൽ നിന്നും ലഹരിയെ ഉന്മൂലനം ചെയ്യാൻ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായാണ് നാട്ടിൽ മഹല്ല് കമ്മിറ്റിയുടെ ഭാഗമായി ബോധവൽക്കരണം നടത്തുന്നത് എന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു.

നാട്ടിൽ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തിൽ നാട്ടുകാർ മുൻകൈയെടുത്ത് അത്തരക്കാർക്ക് താക്കീത് നൽകിയിരുന്നു. രാത്രി കാലങ്ങളിൽ ഒളിഞ്ഞും പാത്തും ലഹരി ഉപയോഗിച്ച് കൂട്ടം കൂടി നിൽക്കുകയും ഇരിപ്പിടം ഉണ്ടാക്കുകയും ചെയ്ത സ്ഥലം നാട്ടുകാർ തന്നെ കണ്ടെത്തി നശിപ്പിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ തിരിച്ചറിഞ്ഞാൽ അവരെ നേർവഴിയിലേക്ക് എത്തിക്കാനുള്ള മാർഗങ്ങളും നാട്ടുകാർ മുൻകയ്യെടുത്ത് ചെയ്തുവരുന്നു. നാട്ടിൽ ലഹരിയുടെ ഉപയോഗവും വിലപ്പനയും ഇല്ലാതാക്കുകയാണ് നാട്ടുകാരുടെ പ്രഥമ ലക്ഷ്യം.

മഹല്ല് നിവാസികൾ അത്തരം ലഹരിക്ക് അടിമപ്പെടുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മഹല്ല് കമ്മിറ്റി തന്നെ മുന്നോട്ട് വരും. നിയമം അനുശാസിക്കുന്ന വലിയ ശിക്ഷ തന്നെ അത്തരക്കാർക്ക് നല്കാൻ നിയപാലകരോടും സർക്കാരിനോടും ആവശ്യപ്പെടുകയാണ്. മുഖം നോക്കാതെയുള്ള നടപടിയാണ് ആവശ്യം എന്നും ചൂരി മഹല്ല് ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റ് നൗഷാദ് സി.എയും സെക്രട്ടറി എസ്.കെ ഹസ്സനും പറഞ്ഞു.

ലഹരി വിരുദ്ധ റാലി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് മൂസൽ ഫൈസി ഉദ്‌ഘാടനം ചെയ്തു. അബ്ദുൽ ഖാദർ ഗോൾഡൻ, ഹംസ സഖാഫി, പി.എൻ.എ ഖാദർ, അബ്ദുല്ല സഫ, ഉമറുൽ ഫാറൂഖ്, എം.എസ് ഹസ്സൻ, മമ്മു ഫുജൈറ, സജ്ജാദ് ചൂരി, ഷൗക്കത്ത് കാളിയങ്ങാട്, റഷീദ് ചൂരി, സൈനു ചൂരി, ഹനീഫ് മീപ്പുഗിരി തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേരും നാട്ടുകാരും മഹല്ല് നിവാസികളും പങ്കടുത്തു.

