പ്രായമാകാത്ത മക്കളെ ഉപേക്ഷിച്ച് വീടുവിട്ട ഭർതൃമതിയും കാമുകനും ജയിലിൽ; ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട് പ്രകാരമാണ് ജയിലിലായത്

You are currently viewing പ്രായമാകാത്ത മക്കളെ ഉപേക്ഷിച്ച് വീടുവിട്ട ഭർതൃമതിയും കാമുകനും ജയിലിൽ; ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട് പ്രകാരമാണ് ജയിലിലായത്

ചെറുവത്തൂർ / കാസർകോട്: പ്രായമാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ഭർതൃമതിയേയും അവരെ ഒളിച്ചോടാൻ പ്രേരിപ്പിച്ച കാമുകനെയും കോടതി ജയിലിലടയ്ക്കാൻ ഉത്തരവിട്ടു. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്ടിലെ 75, 317 വകുപ്പുകൾ കൂടി ചുമത്തി. രണ്ട് മക്കളെ ഭർതൃഗൃഹത്തിൽ ഉപേക്ഷിച്ച് നാല് വയസ്സുകാരനായ ഇളയമകനെയും കൂട്ടി കാമുകനൊപ്പം വീടുവിട്ട പടന്ന കാവുന്തലയിലെ ടി.കെ. ഫർസാന (32), അവരുടെ കാമുകൻ നീലേശ്വരം കോട്ടപ്പുറം റഹ്‌മാന മൻസിലിൽ അബ്ദുൾ റഹ്മാൻ്റെ മകൻ ടി.കെ. അബ്ദുൾ റൗഫ് (40) എന്നിവരെയാണ് ഹൊസ്ദുർഗ് കോടതി റിമാന്റ് ചെയ്തത്.

മെയ് 25 നാണ് ഫർസാന നാല് വയസ്സുള്ള മകനെയും കൂട്ടി ചെറുവത്തൂരിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് മാതാവ് ടി.കെ. ഖദീജ ചന്തേര പോലീസിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ്സിൻ്റെ അന്വേഷണത്തിനൊടുവിലാണ് ഫർസാനയെ കോയമ്പത്തൂരിലെ കാമുകൻ്റെ ഫ്ളാറ്റിൽ കണ്ടെത്തിയത്. പാറപ്പള്ളി സ്വദേശിയായ അബ്ദുൾ റൗഫ് നീലേശ്വരം കോട്ടപ്പുറത്താണ് താമസം. ഫർസാനയുമായി ഇദ്ദേഹത്തിന് നേരത്തെ പരിചയമുണ്ട്. ബന്ധുക്കളായ ഇരുവരും പ്രണയത്തിലായിരുന്നു എങ്കിലും, വിവാഹം നടന്നില്ല.

കുവൈറ്റിൽ ജോലിയുള്ള അബ്ദുൾ റൗഫിന് ഭാര്യയും മക്കളുമുണ്ട്. മെയ് 25 ന് വീടുവിട്ട ഫർസാന അബ്ദുൾ റൗഫിനൊപ്പം കോയമ്പത്തൂരിലെ ഫ്ളാറ്റിൽ ഭാര്യാ ഭർത്താക്കന്മാരെ പോലേ ജീവിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. ഫർസാനയുടെ നാല് വയസ്സുള്ള മകനെ കോടതി ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ പിതാവിനൊപ്പം വിട്ടയച്ചു.

അബ്ദുൾ റൗഫിനെ ജെ.ജെ. ആക്ടിലെ 317 വകുപ്പ് പ്രകാരം ഫർസാനയെ ഒളിച്ചോടാൻ പ്രേരിപ്പിച്ചതിനും മക്കളെയുപേക്ഷിച്ച് വീടുവിട്ടതിനാണ് ഫർസാനയെ ജെ.ജെ. ആക്ടിലെ 75 വകുപ്പ് പ്രകാരം ജയിലിലടച്ചതും. ഇരുവരും കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാണ്ടിലാണ്.

0Shares