
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ കാസർകോട് നാൽത്തടുക്കയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആലംപാടി നാൽത്തടുക്ക സ്വദേശിനി നബീസത്ത് ജസീല (24) ണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മരണത്തിന് മുമ്പ് ജസീല കാര്യങ്ങൾ വിശദമാക്കി വീഡിയോ ചെയ്തിരുന്നു. കൂടാതെ മാസിട്രേറ്റിന് രഹസ്യ മൊഴിയും നൽകിയിരുന്നു എന്നാണ് വിവരം. സംഭവം ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കിയാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കാസർകോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം (മാർച്ച്) കാസർകോട് വെച്ച് നടക്കുന്ന കമ്മീഷൻ്റെ സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും. പോലീസിൻ്റെ ചോദ്യം ചെയ്യലിനും ഭർതൃവീട്ടുകാരുടെയും അയൽവാസികളുടെയും ആരോപണങ്ങൾക്കും പിന്നാലെയാണ് യുവതി കടുത്ത തീരുമാനമെടുത്തതെന്നാണ് പ്രാഥമിക വിവരം.
ഭർത്താവിൻ്റെ ബോവിക്കാനം പൊവ്വലിലെ വീടിന് സമീപത്ത് നിന്നും ഒൻപതര പവൻ സ്വർണ്ണം കാണാതെ പോയ സംഭവത്തിലാണ് നബീസത്ത് ജസീലയെ പോലീസ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ ഭർതൃവീട്ടുകാരും അയൽവാസികളും ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതായും പറയുന്നു. ഇതിൽ മനംനൊന്ത് ഈ മാസം 15-നാണ് യുവതി വിഷം കഴിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുൻപായി ജസീല തൻ്റെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം പുറത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്. താൻ സ്വർണ്ണം മോഷ്ടിച്ചിട്ടില്ലെന്ന് ജസീല എത്ര പറഞ്ഞിട്ടും കേട്ടില്ല. ഭർത്ത് വീട്ടുകാരും ഭർത്താവും ജസീലക്കൊപ്പം നിന്നില്ല എന്നതും യുവതിയെ മാനസികമായി തളർത്തി. തുടർന്ന് പോലീസിൻ്റെ ചോദ്യം ചെയ്യൽ. പോലീസിൽ ജസീല നൽകിയ പരാതി സ്വീകരിച്ചില്ല എന്നും കുടുംബം ആരോപിക്കുന്നു. പോലീസ് ചോദ്യം ചെയ്യലിന് പിന്നാലെ കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയായിരുനെന്നും കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നതെന്നും മാതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പോലീസിനും ഭർതൃവീട്ടുകാർക്കും അയൽവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
