
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് നിശ്ചയിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് കെറെയില്‍. വിശദമായ ടോപോഗ്രാഫിക്കല്‍ സര്‍വ്വേ നടത്തിയാണ് അലൈന്‍മെന്റ് ഡിസൈന്‍ ചെയ്തതെന്നും ജിയാനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സില്‍വര്‍ലൈനിന് വേണ്ടി ലിഡാര്‍ സര്‍വേ നടത്തിയതെന്ന് കെറെയില്‍ വിശദീകരിച്ചു.
കെ റെയില്‍ വിശദീകരണം ഇങ്ങനെ: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ഒരു വിശദമായ ടോപോഗ്രാഫിക്കല്‍ സര്‍വ്വേ നടത്തിയാണ് അലൈന്‍മെന്റ് ഡിസൈന്‍ ചെയ്തത്. നിലവില്‍ ടോപോഗ്രാഫിക്കല്‍ സര്‍വ്വേ ചെയ്യാന്‍ ഏറ്റവും ആധുനിക സംവിധാനമായ ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വ്വേ ചെയ്തത്.
പുതിയ പാതകളുടെ നിര്‍മാണം, പാത ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം തുടങ്ങിയ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേയ്ക്ക് അത്യന്താധുനിക സര്‍വേ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ശുപാര്‍ശ ചെയ്തിട്ടുണ്ട്.ആധുനിക സര്‍വേ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാന്‍ റെയില്‍വേ ബോര്‍ഡ് നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ ഈ നയം സ്വീകരിച്ചത്.

സര്‍വേ റിപ്പോര്‍ട്ടുകളും വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളും തയാറാക്കുമ്പോള്‍ ആധുനിക സര്‍വേ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. Circular No. 2020/W-1/Genl./Survey Report (E-off:3334538) New Delhi, Dt. 06.01.2021. റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന ആധുനിക സര്‍വേ സംവിധാനങ്ങളില്‍ ഏറ്റവും കൃത്യതയാര്‍ന്ന സംവിധാനമാണ് ലിഡാര്‍ അഥവാ ലൈറ്റ് ഡിറ്റക്ടിംഗ് ആന്റ് റെയ്ഞ്ചിംഗ്. മറ്റ് ആധുനിക സംവിധാനങ്ങളുമായി താരതമ്യം ചെയ്ത് വിശദമായ പഠനം നടത്തിയ ശേഷമാണ് ലിഡാര്‍ സര്‍വേ വദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്.
ഈ സംവിധാനം ഉപയോഗിച്ചാണ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വിശദമായ പദ്ധതി രേഖയുടെ (ഡി.പി.ആര്‍) ഭാഗമായ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ നടത്തിയത്. ഭൂമിയുടെ ഉപരിതലം സംബന്ധിച്ച ഏറ്റവും കൃത്യമായ വിവരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കണ്ടെത്താന്‍ പറ്റുമെന്നതാണ് ലിഡാര്‍ ടെക്‌നോളജിയുടെ പ്രത്യേകത. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, മുംബൈഅഹമ്മദാബാദ്, ഡല്‍ഹിവരാണസി അതിവേഗ റെയില്‍പാതയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വേ നടത്തിയിട്ടുള്ളത്.
റിമോട്ട് സെന്‍സറുകള്‍ ഉപയോഗിച്ച്, ലൈറ്റ് പള്‍സുകള്‍ ഭൂമിയിലെ പ്രതലത്തില്‍ പതിപ്പിച്ച് ഭൂമിയിലെ എല്ലാ വസ്തുക്കളും (Objects) സ്‌കാന്‍ ചെയ്യുന്ന ടെക്‌നോളജിയാണിത്. ഉയര്‍ന്ന റെസല്യൂഷനുള്ള ഒരു കാമറയുമുണ്ടാകും. ഈ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാമട്രി സര്‍വേയും നടത്തും. അങ്ങിനെ കുട്ടുന്ന ഡാറ്റ പ്രോസസ് ചെയ്ത് കൃത്യമായ വിവരം ശേഖരിക്കാന്‍ പറ്റും. ജിയാനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സില്‍വര്‍ലൈനിനു വേണ്ടി ലിഡാര്‍ സര്‍വേ നടത്തിയത്.
