‘വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാൻ കിടക്കുന്നു’, എത്രയെത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു; ഗായകൻ സൂരജ് സന്തോഷിൻ്റെ വിമ‌ര്‍ശനം

You are currently viewing ‘വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാൻ കിടക്കുന്നു’, എത്രയെത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു; ഗായകൻ സൂരജ് സന്തോഷിൻ്റെ വിമ‌ര്‍ശനം

അയോദ്ധ്യയിലെ പ്രതിഷ്‌ഠാ ദിനമായ ജനുവരി ഇരുപത്തിരണ്ടിന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗായകൻ സൂരജ് സന്തോഷ്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെ.എസ് ചിത്രമാ‌ര്‍ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നും സൂരജ് പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു വിമര്‍ശനം.

‘ഹൈലൈറ്റ് എന്താണെന്ന് വച്ചാല്‍, സൗകര്യപൂര്‍വം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത സൈഡിലേയ്ക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാൻ കിടക്കുന്ന ഓരോന്നായ്. എത്ര എത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമകഷ്ടം’- എന്നായിരുന്നു സൂരജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

ഒരു തമിഴ് മാധ്യമമാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ചിത്രയുടെ വീഡിയോ പങ്കുവച്ചത്.

‘എല്ലാവര്‍ക്കും എൻ്റെ നമസ്‌കാരം, അയോദ്ധ്യയില്‍ ജനുവരി ഇരുപത്തിരണ്ടിന് പ്രതിഷ്‌ഠാ ദിനം നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12.20ന് എല്ലാവരും ശ്രീരാമ, ജയരാമ, ജയ ജയ രാമ എന്ന രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിൻ്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാൻ്റെ അനുഗ്രഹം എല്ലാവര്‍ക്കും പരിപൂര്‍ണമായി ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ലോകാസമസ്‌ത സുഖിനോ ഭവന്തു.’- എന്നാണ് കെ.എസ് ചിത്ര വീഡിയോയില്‍ പറയുന്നത്. വീഡിയോ പലവിധ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ദിവസങ്ങള്‍ക്ക് മുമ്പ് ചിത്ര ഏറ്റുവാങ്ങിയിരുന്നു. നടൻ മോഹൻലാല്‍, ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷയും രാജ്യസഭാ എം.പിയുമായ പി.ടി ഉഷ അടക്കമുള്ളവരും നേരത്തെ അക്ഷതം ഏറ്റുവാങ്ങി.

0Shares