
വാർത്തകൾ വാട്‍സ് ആപ്പിൾ ലഭിക്കാൻ: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: കൈക്കൂലിക്കെതിരായി നടത്തിയ പോരാട്ടത്തിൽ കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യുറോ ഓഫിസർമാരുടെ അവസരോചിതമായ ഇടപെടലിൽ ജനിച്ചു വളർന്ന ഭൂമിക്ക് പട്ടയം ലഭിച്ച അവിസ്മരണീയമായ നിമിഷത്തിലാണ് ചീമേനിയിലെ വീട്ടമ്മയായ ഈ യുവതി. ചീമേനി, മന്ദച്ചം വയലിലെ നിഷയുടെ അച്ഛൻ നാരായണൻ്റെ കാലം മുതൽ അര ഏക്കർ ഭൂമിക്ക് പട്ടയം സ്വന്തമാക്കാനായി ശ്രമം തുടങ്ങിയതാണ്.

പതിറ്റാണ്ടുകളോളം കരമടച്ചിരുന്ന ഭൂമിയാണ്. നിഷയുടെ അച്ഛൻ്റെ മരണശേഷവും പട്ടയം ലഭിക്കാൻ ശ്രമം തുടർന്ന് ഓഫീസുകൾ കയറിയിറങ്ങി. നൂലാമാലകൾ പറഞ്ഞുകൊണ്ട് റവന്യു ഉദ്യോഗസ്ഥർ പല തവണ ഫയൽ മടക്കി. ഒടുവിൽ ചീമേനി വില്ലേജ് ഓഫീസിൽ നിന്ന് ഫയലിലെ കുരുക്കഴിക്കാൻ ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് 1.5 ലക്ഷം രൂപയായിരുന്നു. ജീവനക്കാരുടെ വില പേശലിനൊടുവിൽ 25000 രൂപയിലെത്തി.
എൻഡോസൾഫാൻ ദുരിത ബാധിതനായ മകൻ്റെ ചികിത്സക്ക് ഉൾപ്പെടെ പ്രയാസപ്പെടുന്ന നിഷക്ക് കെട്ടുതാലി പണയപ്പെടുത്തി കൈക്കൂലി നൽകാതെ ഭൂമിക്ക് രേഖയെന്ന സ്വപ്‌നം സാധ്യമാകില്ലെന്ന് വന്നതോടെയാണ് വിജിലൻസിൽ അഭയം തേടിയത്. നിഷയോട് കൈക്കൂലി വാങ്ങുന്നതിനിടെ 2021 നവംബര്‍ അഞ്ചിന് ചീമേനി വില്ലേജ് ഓഫീസര്‍ കെ.വി സന്തോഷും, ഫീല്‍ഡ് അസിസ്റ്റണ്ട് കെ.സി മഹേഷും വിജിലൻസിൻ്റെ പിടിയിലായി.

ഉദ്യോഗസ്ഥരെ കുരുക്കിയതോടെ ഇനി ഭൂമിക്ക് പട്ടയം ലഭിക്കില്ലെന്ന് നാട്ടുകാർ അടക്കം പറഞ്ഞു. സാധാരണ ഒരു കേസ് എന്നതിനുമപ്പുറം വിജിലൻസിൻ്റെ ഉദാത്തമായ ഇടപെടൽ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും വിജിലൻസ് ഡയറക്ടർക്കും അവിടെ നിന്ന് ചീഫ് സെക്രട്ടറിക്കും കൈമാറി. സർക്കാർ തലത്തിൽ അതിവേഗത്തിൽ ഇടപെടലുകളുണ്ടായി. ഒടുവിൽ കുരുക്കുകളഴിഞ്ഞ് നിഷയുടെ ഭൂമിക്ക് പട്ടയം അനുവദിക്കാൻ ഉത്തരവായി. കാസർകോട് കളക്ടറേറ്റിലെ ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ പി.ഉദയകുമാറില്‍ നിന്ന് തിങ്കളാഴ്‌ച സ്വന്തം മണ്ണിൻ്റെ രേഖകൾ നിഷ ഏറ്റുവാങ്ങി.

പട്ടയം കൈപ്പറ്റിയതിന് പിന്നാലെ സന്തോഷ കണ്ണീരുമായി നിഷ വിജിലൻസ് ഓഫീസിലെത്തി. ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു. നിഷയുടെ നിയമ പോരാട്ടത്തിന് വഴിതുറന്ന വിജിലൻസ് ഉദ്യോഗസ്ഥരുടെ മാതൃകാ പ്രവത്തനത്തിൽ ചാരിതാർഥ്യം.
ഫയലുകൾ ചുവപ്പുനാടയിൽ കുടുക്കിയ ഉദ്യോഗസ്ഥരുടെ കയ്യിൽ വിലങ്ങണിയിച്ച് സ്വന്തം പട്ടയ ഭൂമിയിൽ അഭിമാനത്തോടെ ചവിട്ടി നിൽക്കുമ്പോൾ വീട്ടമ്മയുടെ പോരാട്ടത്തിന് കൈത്താങ്ങായത്, അതിവേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കേരള സർക്കാരിൻ്റെയും കരുതലാണ് വ്യക്തമാകുന്നത്.
