
ബദിയടുക്ക / കാസർകോട്: കുടുംബ സമേതം മകളുടെ വീട്ടിൽ പോയ നേരത്ത് വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണവും 5,500 രൂപയും കൊള്ളയടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ബദിയടുക്ക, പള്ളത്തടുക്കയിലെ നിസ മൺസിലിലെ കർഷകനായ ടി.എ അബ്ദുൽ റസാഖിൻ്റെ വീട്ടിൽ ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് കവർച്ച നടന്നത്. അബ്ദുൽ റസാക്കും ഭാര്യയും മക്കളുടെ ഭാര്യമാരും കുട്ടികളും വിദേശത്തേക്ക് പോകുന്ന മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്‌ച രാവിലെ റസാക്ക് പേരകുട്ടികളെയും കൂട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.
മുൻഭാഗത്തെ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന കവർച്ചക്കാർ ഇരുനില വീടിൻ്റെ താഴെയും മുകളിലുമായുള്ള നാലു കിടപ്പുമുറികളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടു. തുണിത്തരങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു.

താഴത്തെ നിലയിലുള്ള രണ്ട് അലമാരകളിൽ നിന്നാണ് 60 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. അബ്ദുൽ റസാഖിൻ്റെ അലമാരയിൽ ഉണ്ടായിരുന്ന പണമാണ് കവർന്നത്. ആഭരങ്ങൾ മരുമക്കളുടേതാണ്. വിവരമറിഞ്ഞു ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീടിനകത്തും പുറത്തും പരിശോധന നടത്തി.
വീട് അടച്ച് മകളുടെ വീട്ടിൽ പോയ വിവരം അറിഞ്ഞവർ ആയിരിക്കും കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. പകൽ നേരങ്ങളിൽ അടഞ്ഞു കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് രാത്രിയിൽ കവർച്ച നടത്തുന്ന സംഘത്തെയും സംശയിക്കുന്നുണ്ട്. ജില്ലാ പോലീസ് ചീഫ് ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ശക്തിപ്പെടുത്താനും നീക്കമുണ്ട്.
ഡി.വൈ.എസ്.പി പി.കെ സുധാകരനും സംഘവും പഴുതടച്ചുള്ള അന്വേഷണമാണ് നടത്തി വരുന്നത്. കവർച്ചയുമായി യാതൊരു തുമ്പും പൊലീസിന് ഇതുവരെ ലഭച്ചിട്ടില്ല. എന്നാൽ വാതിലിൻ്റെ ബലമുള്ള ലോക്കുകൾ സ്ക്രൂട്ടർ ഡ്രൈവ് ഉപയോഗിച്ചാണ് തുറന്നതെന്ന് കരുതുന്നതായും പ്രൊഫഷണൽ കവർച്ചയുമായി ബന്ധമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് ചാനൽ ആർ.ബിയോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി വരുന്നതായി ബദിയടുക്ക എസ്.ഐ പി.കെ വിനോദ് കുമാറും പറഞ്ഞു. നാട്ടിൽ തന്നെയുള്ള മോഷ്ടാക്കൾ തന്നെയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
Published by: Peethambaran Kuttikol
