കണ്ടെടുത്തത് ശിവലിംഗമാണെന്ന് തെളിയിക്കുക എളുപ്പമല്ല; ചരിത്രപ്രസിദ്ധമായ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗത്തിലേക്കുള്ള വഴി ഉണ്ടാക്കണമെന്നും ആരാധനയ്ക്ക് അനുമതി നൽകണമെന്നും ഹർജി

  • Post category:news
  • Reading time:1 min read
You are currently viewing കണ്ടെടുത്തത് ശിവലിംഗമാണെന്ന് തെളിയിക്കുക എളുപ്പമല്ല; ചരിത്രപ്രസിദ്ധമായ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗത്തിലേക്കുള്ള വഴി ഉണ്ടാക്കണമെന്നും ആരാധനയ്ക്ക് അനുമതി നൽകണമെന്നും  ഹർജി

വാരണാസിയിലെ വിവാദമായ ഗ്യാൻവാപി മസ്ജിദിൻ്റെ വുദുഖാന ഒമ്പത് താഴുകളിട്ട് അധികൃതര്‍ പൂട്ടി. ഇതോടൊപ്പം സുരക്ഷാ ചുമതല സി.ആര്‍.പി.എഫിന് കൈമാറുകയും ചെയ്തു. രണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സീല്‍ ചെയ്ത വുദുഖാനയ്ക്ക് കാവലുണ്ടാകും. ഷിഫ്റ്റ് അനുസരിച്ചായിരിക്കും ഇവരുടെ ജോലി എന്നാണ് പുറത്തു വരുന്ന വിവരം.

ഓരോ ഷിഫ്റ്റിലും രണ്ട് സൈനികരുണ്ടാകും. ഓരോ ഷിഫ്റ്റിലും ക്ഷേത്ര സുരക്ഷാ മേധാവി, ഡെപ്യൂടി എസ്പി റാങ്കിലുള്ള സുരക്ഷാ ഉദ്യോഗസ്ഥന്‍, സി.ആര്‍.പി.എഫ് കമാന്‍ഡന്റ് എന്നിവര്‍ മിന്നല്‍ പരിശോധനകള്‍ നടത്തുകയും സുരക്ഷ വിലയിരുത്തുകയും ചെയ്യും. കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍കാര്‍ ഈ തീരുമാനമെടുത്തത്.വുദുഖാനയുടെ അടുത്ത് ഒരു ചെറിയ തടാകമുണ്ട്, ഈ പ്രദേശം ഇരുമ്പ് ബാരികേഡുകളും വലകളും കൊണ്ട് അടച്ചിരിക്കുകയാണ്.

ഇവിടെ നിന്ന് ശിവലിംഗം കണ്ടെത്തിയതായാണ് ചില ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നത്. എന്നാല്‍, അത് ശിവലിംഗമല്ല, ജലധാരയാണ് കണ്ടെത്തിയതെന്ന് മസ്ജിദ് ഭാരവാഹികള്‍ പറയുന്നു. അതിനിടെ മസ്ജിദിലെ വുദുഖാനയുമായി ബന്ധപ്പെട്ട് മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിട്ടുണ്ട്. രണ്ടാമത്തെ വീഡിയോയിലും ആദ്യത്തേതിലെ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രണ്ട് വീഡിയോകളും വൈറലായി. രണ്ടിനും ഒന്നോ രണ്ടോ മാസം പഴക്കമുണ്ടെന്ന് ഭരണകൂടം പറയുന്നു.

വുദുഖാനയില്‍ കാണപ്പെടുന്ന കല്ലിൻ്റെ ആകൃതിയിലുള്ള രൂപം ശിവലിംഗമാണോ അതോ ജലധാരയാണോ? എന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ ചർചയായിട്ടുണ്ട്.കണ്ടെടുത്തത് ശിവലിംഗമാണെന്ന് തെളിയിക്കുക എളുപ്പമല്ല. ശാസ്ത്രീയവും പുരാവസ്തുപരവുമായ വിലയിരുത്തലും കണ്ടെത്തലും വേണം. എന്നാല്‍ ഗ്യാൻവാപി മസ്ജിദില്‍ സര്‍വേ നടത്താൻ ഹർജി നൽകിയ സ്ത്രീകള്‍ കോടതിയില്‍ പുതിയ ഹർജി നല്‍കി.

മസ്ജിദിൻ്റെ കിഴക്കുഭാഗത്തെ നിലവറയില്‍ താത്കാലിക ഭിത്തിയുണ്ടെന്നും അത് നീക്കി ശിവലിംഗത്തിലേക്കുള്ള വഴി ഉണ്ടാക്കണമെന്നും പുതിയ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ, ശിവലിംഗം കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നും ആരാധനയ്ക്ക് അനുമതി നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.

0Shares