ഹിജാബ് വിവാദം; തിങ്കൾ മുതല്‍ ഈ മാസം 19വരെ ഉടുപ്പിയില്‍ നിരോധനാജ്ഞ; പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഹിജാബ് വിവാദം; തിങ്കൾ മുതല്‍ ഈ മാസം 19വരെ ഉടുപ്പിയില്‍ നിരോധനാജ്ഞ; പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു

കലാലയങ്ങളിലെ ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ ഉടുപ്പിയില്‍ നിരോധനാജ്ഞ. ഉടുപ്പിയിലെ സ്‌കൂളുകള്‍ക്ക് സമീപമാണ് നിരോധനജ്ഞ പ്രാഖ്യാപിച്ചിരിക്കുന്നത്.നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ.

തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ശനിയാഴ്ച വൈകീട്ട് ആറ് വരെ സ്‌കൂളുകള്‍ക്ക് 200 മീറ്റര്‍ പരിധിയിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം ബംഗളൂരുവിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രീ യൂനിവേഴ്സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഈ മാസം 22 വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഉടുപ്പി കോളജില്‍ തുടങ്ങിയ ഹിജാബ് വിഷയം സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ മതത്തിൻ്റെ പതാകയോ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഹിജാബ് വിലക്കിയതിന് എതിരായ ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൻ്റെ നിര്‍ദേശം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

0Shares