
കൊച്ചി: ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതികളായ കമ്പനി ഉടമ ചേർപ്പ് സ്വദേശി കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും എൻഫാേഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. തിങ്കളാഴ്‌ച രാവിലെ 11.30ഓടെയാണ് പ്രതാപൻ കൊച്ചി ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ഉച്ചയോടെ ശ്രീനയും ഇ.ഡിയ്‌ക്ക് മുന്നിൽ ഹാജരായി.
കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല. റെയ്‌ഡിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കെതിരെ ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്‌ച ഇ.ഡിക്ക് മുമ്പിൽ ഹാജരായത്.
നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക ഇരുവരും എവിടെയെല്ലാം നിക്ഷേപിച്ചു എന്നാണ് ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. ബിനാമി പേരിൽ നിക്ഷേപിച്ച തുകയെക്കുറിച്ച് അടക്കം ഇ.ഡി അന്വേഷക സംഘം ചോദിച്ചറിഞ്ഞതായാണ് സൂചന. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടിസ്ഥാനമാക്കി ആണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.

മണിചെയിൻ മാർക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരിൽ നിന്ന് 1630 കോടി ഇവർ തട്ടിയെടുത്തു എന്നാണ് സംസ്ഥാന പൊലീസും എൻഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിത്. എന്നാൽ അതിൻ്റെ ഇരട്ടി തുക മറ്റുപലരിൽ നിന്നും തട്ടിയെടുത്തതായി വിവരങ്ങൾ പുറത്തുവന്നു. മൂവായിരം കോടിയിലേറെ തട്ടിയെടുത്തുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഇവരുടെ വലപ്പാടുള്ള ഗോഡൗൺ, വീട് എന്നിവ റെയ്‌ഡ് ചെയ്യാൻ ഇ.ഡി എത്തിയിരുന്നു. എന്നാൽ ഇ.ഡി എത്തുന്നതിന് നിമഷങ്ങൾക്ക് മുമ്പ് രേഖകളുമായി ഇവർ രക്ഷപ്പെട്ടു. ഇതിലും അന്വേഷണം നടക്കുന്നുണ്ട്. മുൻകൂർ ജാമ്യം തേടി ഇവർ കലൂരിലെ പി.എ.എൽ.എ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകുകയാണ് വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.
