കേരളത്തെ അപമാനിക്കുന്നത ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു; നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; ‘സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി’; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തെ അപമാനിക്കുന്നത ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു; നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; ‘സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി’; കൂടുതൽ അറിയാം..

കൊച്ചി: കേരളത്തെ ഇകഴ്ത്തി കാട്ടുന്ന ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ സിനിമ വൻ വിവാദമായിരുന്നു. ഇപ്പോൾ റിലീസ് തടഞ്ഞതും നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയായി. ചിത്രത്തിൻ്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ സിനിമ നാളെ റിലീസ് ചെയ്യാനാകില്ല. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാർദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും അറിയിച്ചു. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. തീവ്രവാദത്തിൻ്റെയും മതപരിവർത്തനത്തിൻ്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാഖ്യ നാരായൺ സിംഗിൻ്റെ അവകാശവാദം.

സിനിമയുടെ ട്രെയിലറിൽ മുസ്ലിം പെൺകുട്ടികൾ ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളാണ് ഉൾപെടുത്തിയിട്ടുള്ളത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കുന്നു എന്നുമാണ് സംവിധയകൻ പറയാൻ ശ്രമിക്കുന്നത്. കേരളത്തിൽ കേട്ട് കേൾവിയില്ലാത്ത ഇത്തരം സംഭവങ്ങൾ സിനിമയിലൂടെ ഉണ്ടാക്കി കേരളത്തെ മോശമാക്കാനാണ് സിനിമയുടെ അണിയറക്കാർ ശ്രമിക്കുന്നത്. ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. മലയാളികൾ ഒന്നടങ്കം ഈ സിനിമയെ തള്ളിപറഞ്ഞിട്ടുണ്ട്.

0Shares