
ചാരിറ്റിയുടെ പേരിൽ പിരിക്കുന്ന പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് സർക്കാർ നിരീക്ഷണം ആവശ്യമെന്ന് ഹൈക്കോടതി. മലപ്പുറത്ത് സ്പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച ഒന്നര വയസുകാരന് സംസ്ഥാന സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജയിൽ വാദം കേൾക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ക്രൗഡ് ഫണ്ടിംഗ് നടത്തുന്നതിന് കുഴപ്പമില്ല, പക്ഷെ ഇത്തരത്തിൽ വരുന്ന പണത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് സംബന്ധിച്ച് നിരീക്ഷണം വേണം.
കേരളത്തിൽ ധാരാളമായി ക്രൗഡ് ഫണ്ടിംഗ് നടക്കുന്നുണ്ട്. അത്തരം ക്രൗഡ് ഫണ്ടിംഗ് നടക്കുന്നത് സത്യസന്ധമായ വഴിയിലൂടെയാണോ എന്ന് ഉറപ്പ് വരുത്തണമെന്നും അതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ് കോടതി പറഞ്ഞത്. സംസ്ഥാന പൊലീസ് ഇതിൽ ഇടപെടണമെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ചാരിറ്റി തട്ടിപ്പുകളെക്കുറിച്ചും കോടതി പരാമർശം നടത്തി.

ചാരിറ്റി യൂട്യൂബർമാർ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നതെന്തിനാണ്? പിരിച്ച പണം കൂടിപ്പോയതിന്‍റെ പേരിൽ അടിപിടി പോലും ഉണ്ടാവുന്നതായും കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാരിന് പൊതുവായ ഒരു പോളിസി വേണമെന്നും കോടതി പറഞ്ഞു. മലപ്പുറത്ത് മുഹമ്മദിന്‍റെ ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്നിന്‍റെ ഒരു ഡോസിന്‍റെ വില 18 കോടി രൂപയാണ്. മുഹമ്മദിന്‍റെ പിതാവ് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നും 18 കോടി സമാഹരിച്ച് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ചാരിറ്റിയുടെ പേരിൽ പണം തട്ടിപ്പ് നടത്തുന്നതിനെതിരെയാണ് കോടതി നിരീക്ഷണം നടത്തിയിരിക്കുന്നത്. ഇതുപോലെ അവശ്യഘട്ടത്തിൽ പോലും പണം സമാഹരിക്കേണ്ടി വരുമ്പോൾ ചാരിറ്റി യൂട്യൂബർമാരെ പോലുള്ളവർ പണം തട്ടുന്നത്, അർഹരായവർക്ക് പണം ലഭിക്കാതിരിക്കുന്നതിലേക്ക് വഴി തെളിക്കുമെന്നും കോടതി നിരീക്ഷിച്ചു.
