
സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. ബിപിന്‍ റാവത്തും അദ്ദേഹത്തിൻ്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടത്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ രണ്ട് പേരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടസ്ഥലത്ത് നിന്നും നാല് മൃതദേങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തിന്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം നല്‍കിയിട്ടില്ല.
