ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെന്ന് ഡോക്ടർമാർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച്‌ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ തുടര്‍ചികിത്സ നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിനാണ് ചികിത്സ. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു.

പനി കടുത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ന്യുമോണിയ സ്ഥിരീകരിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് അടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0Shares