
കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്‌ജ് മുറിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി. ചേര്‍ത്തല എരമല്ലൂർ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവരുടെ സുഹൃത്തായ കണ്ണൂര്‍, ചക്കരക്കൽ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചതായും സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
തൻ്റെ കാല്‍മുട്ട് കൊണ്ട് കുഞ്ഞിൻ്റെ തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ഷാനിഫിൻ്റെ മൊഴി. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാന്‍ ശരീരത്തില്‍ കടിച്ചു നോക്കിയെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം.
ഷാനിഫും അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്. ഇതിനിടെയാണ് അശ്വതിക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിൻ്റെ ജീവന്‍ അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനും ആയിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഷാനിഫും അശ്വതിയും ലോഡ്‌ജില്‍ മുറിയെടുത്തതെന്നാണ് പൊലീസ് നല്‍കുന്നവിവരം. കുഞ്ഞിനെ കൊല്ലാന്‍ പോകുന്ന കാര്യം അശ്വതിയോട് ഷാനിഫ് പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്‌തില്ലെന്നും പൊലീസ് പറയുന്നു.
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി എന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂ ബോൺ ചൈൽഡ് വിഭാഗത്തിൽ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ തലയിലും മറ്റും മുറിവുകൾ കണ്ടു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെള്ളിൽ പഴക്കം ചെന്ന പൊട്ടൽ ഉള്ളതായും റിപ്പോർട്ടുകൾ വന്നു. കാലങ്ങളായി ഇയാൾ കുട്ടിയെ നിരന്തരം ക്രൂരമായി പീഡിപ്പിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു. പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്.
