
സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് മാറ്റിവെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സംസ്ഥാന സര്‍ക്കാര്‍ കോവിഡിനെ നേരിടാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോകമാകെ അംഗീകാരം നേടിയിട്ടിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായം എത്തിയ്ക്കാന്‍ നടപടിയുമുണ്ട് എന്നാല്‍ ശമ്പളം തടഞ്ഞുവെക്കാനുള്ള തീരുമാനം ഒരു ഉത്തരവിലൂടെ നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

ഉത്തരവിന് നിയമപിന്‍ബലമില്ലെന്നാണ് ഹര്‍ജിക്കാര്‍ മുഖ്യമായി വാദിച്ചത്. യു.ഡി.എഫ് അനുകൂല സംഘടനകളാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. ശമ്പളം നിഷേധിയ്ക്കുന്നില്ലെന്നും മാറ്റിവെക്കുകമാത്രമാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സി. പി സുധാകര പ്രസാദ് പറഞ്ഞു. അതിനു സര്‍ക്കാരിന് അവകാശമുണ്ട്.ആന്ധ്ര,മഹാരാഷ്ട്ര ,തെലങ്കാന,ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിലും കടുത്ത ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാദികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ഡോക്ടർ കെ. പി സതീശൻ ഹാജരായി.
