
അടിയന്തര ചികിത്സയ്ക്കായി ലക്ഷദ്വീപിൽ നിന്ന് വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി.
പുതിയ നിർദേശങ്ങൾ ചികിത്സയ്ക്ക് കാലതാമസുണ്ടാക്കുമെന്ന് ആരോപിച്ചുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ വ്യക്തമായ മാർഗരേഖ തയാറാക്കാൻ അഡ്മിനിസ്ട്രേഷനോട് കോടതി നിർദേശിച്ചു. പത്തുദിവസത്തിനകം മാർഗരേഖ തയാറാക്കി കോടതിയെ അറിയിക്കുകയും വേണം. മറ്റുദ്വീപുകളിൽ നിന്ന് കവരത്തിയിലേക്ക് രോഗികളെ എത്തിക്കുന്നതിനും മാർഗരേഖ വേണമെന്നും കോടതിയാവശ്യപ്പെട്ടു.

അതേസമയം ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഇടപെടലോടെയാണ് അമിനി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 23 പേരെയും പാര്‍പ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്.
ഒരാള്‍ക്ക് കൊവിഡ് ബാധിച്ചു. തടവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവര്‍ക്കെതിരെ സ്റ്റേഷനില്‍നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നു മണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
