
കാസർകോട്: ഈ അടുത്ത കാലത്ത് കാര്‍ഷിക മേഖയിലേക്ക് കൂടുതലും കടന്നു വരുന്നത് യുവാക്കളാണെന്നത് വലിയ പ്രതീക്ഷയാണ്. കോവിഡ് 19 പശ്ചാത്തലത്തിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ധാരാളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചുവെന്നത് വലിയൊരു നേട്ടമാണെന്നും കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ പറഞ്ഞു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് ആരംഭിച്ച ‘കര്‍ഷകരുടെ കട’ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശിക കൂട്ടായ്മകള്‍ക്ക് പുറമെ സാമൂഹ്യ മാധ്യമം പ്രയോജനപ്പെടുത്തിക്കൊണ്ട് ഒട്ടനവധി കാര്‍ഷിക കൂട്ടായ്മകള്‍ കൃഷി വകുപ്പിന്‍റെ നേതൃത്വത്തിലും സ്വതന്ത്രമായും ഉയര്‍ന്നു വരുന്നുണ്ട്. ഒരു നാടിന്‍റെ സുസ്ഥിര വികസനത്തിന് കാര്‍ഷികാധിഷ്ഠിത മേഖലയിലെ വളര്‍ച്ചയിലൂടെ നമ്മുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുക എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കര്‍ഷകരുടെ കൂട്ടായമയിലാണ് കര്‍ഷകരുടെ കട രൂപീകരിച്ചത്. കാര്‍ഷിക ഉത്പന്നങ്ങള്‍, പാല്‍, പാലുത്പന്നങ്ങള്‍, തേന്‍ തേയില, കാപ്പി, എലം, ഗ്രാമ്പൂ തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്. കൃഷിവകുപ്പിന്‍റെ സഹകരത്തോടെയാണ് കട ആരംഭിച്ചത്. ചടങ്ങില്‍ ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വീണാ റാണി, പരപ്പ എ. ഡി .എ. ഡി. എല്‍ സുമ, കിനാനൂര്‍ കരിന്തളം കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്‍,തുടങ്ങിയവര്‍ പങ്കെടുത്തു.
