
തിരുവനന്തപുരം: ഗണപതി മിത്താണെന്നോ അള്ളാഹു മിത്തല്ലെന്നോ പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചതെന്നും ഗണപതി വിവാദത്തിൽ മുൻ നിലപാടിൽ മാറ്റം വരുത്തി എം.വി ഗോവിന്ദൻ പറഞ്ഞു. അല്ലാഹുവും ഗണപതിയും വിശ്വാസികളുടെ വിശ്വാസ പ്രമാണത്തിൻ്റെ ഭാഗമാണെന്നും പിന്നെന്തിനാണ് ഞങ്ങളത് മിത്താണെന്ന് പറയുന്നതെന്നും വാർത്ത സമ്മേളനത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കഴിഞ്ഞ കുറെക്കാലമായി പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരേ അഭിപ്രായമാണെന്ന് ഗോവിന്ദൻ പറഞ്ഞു. സി.പി.എമ്മാണ് വർഗീയതക്ക് കൂട്ടുനിൽക്കുന്നതെന്ന അസംബദ്ധ പ്രചാരവേല കുറെക്കാലമായി സതീശൻ പറയുന്നു.

“വാതിലുകളെല്ലാം തുറക്കപ്പെടട്ടേ, വിചാരധാരകൾ പ്രവേശിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ വർഗീയ നിലപാടാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്ന് പറഞ്ഞു തടിതപ്പുകയാണ് ചെയ്‌തത്. സതീശൻ്റെ മനസിൻ്റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ വരുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ പരാമർശങ്ങളിൽ നിന്ന് മനസിലാക്കുന്നതെന്നും ഗേവിന്ദൻ വ്യക്തമാക്കി.
സുരേന്ദ്രൻ്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് തികഞ്ഞ വർഗീയ സമീപനമാണെന്നും പൊന്നാനിയിൽ നിന്നാണോ വന്നതെന്ന കെ.സുരേന്ദ്രൻ്റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. ഒരു വർഗീയവാദിയുടെ ഭ്രാന്തിന് മറുപടി പറയേണ്ടതില്ലാത്തത് കൊണ്ടാണ് അവഗണിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
