
തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി സി.പി.എം നേതാവ് ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലുമണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് കേളു അധികാരമേറ്റത്.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് സാക്ഷിയാകാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു.

മന്ത്രി ഒ.ആര്‍ കേളുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.
