
തിരുവനന്തപുരം: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ ഒമ്പതിനാണ് ഗവർണർ വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. ഗവർണർ മലയാളത്തിൽ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു.
കേന്ദ്രസർക്കാറിൻ്റെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.

എറണാകുളം ജില്ലയിൽ മന്ത്രി കെ.രാജനും, മലപ്പുറത്ത് എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജി.ആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയർത്തി. തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വയനാട്ടിൽ മന്ത്രി എ.കെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയർത്തി. ഇടുക്കിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ഐ.ഡി.എ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന വിരുന്ന് നടക്കും. വൈകിട്ട് ആറ് മണിക്കാണ് വിരുന്ന്. നയപ്രഖ്യാപന പ്രസംഗം ഗവർണർ വെട്ടിചുരുക്കിയതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അറ്റ് ഹോമിന് സർക്കാർ 20 ലക്ഷം അനുവദിച്ചിരുന്നു.
