ശമ്പളത്തില്‍ നിന്ന് മാസം തോറും തുക പിടിക്കും, ‘ജീവാനന്ദം’ പദ്ധതിക്ക്; സര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ശമ്പളത്തില്‍ നിന്ന് മാസം തോറും തുക പിടിക്കും, ‘ജീവാനന്ദം’ പദ്ധതിക്ക്; സര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മാസം തോറും നിശ്ചിത തുക ഈടാക്കി ‘ജീവാനന്ദം’ എന്ന പേരില്‍ ആന്വിറ്റി സ്‌കീം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് വഴി നടപ്പാക്കാനാണ് തീരുമാനം.

പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇന്‍ഷ്വറന്‍സ് പദ്ധതികളും പ്രതിമാസ പെന്‍ഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതി.

നിലവില്‍ മെഡിസെപ് ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരില്‍ നിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍ നിന്ന് 10 ശതമാനത്തില്‍ കുറയാത്ത തുക പെന്‍ഷന്‍ ഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പി.എഫ് അടക്കം മറ്റ് വിഹിതവും ജീവനക്കാര്‍ നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള കുറുക്ക് വഴിയാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ശമ്പളത്തിൻ്റെ പത്തുശതമാനം വീതം ഈടാക്കിയാല്‍ പോലും പ്രതിമാസം കോടികള്‍ സര്‍ക്കാരിന് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകും. ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ആരോപണം.

സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ച് മേയ് 29ന് ഉത്തരവിറക്കി. ആന്വറ്റി എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് 2024-25ലെ ബജറ്റില്‍ ധനമന്ത്രി കെ.എം ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.

0Shares