സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത അവസ്ഥ; തമിഴ്നാട്ടിലും സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര്, ബില്ലുകളിൽ ഒപ്പ് വെക്കാതെ ഗവര്‍ണര്‍

  • Post category:news
  • Reading time:1 min read
You are currently viewing സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത അവസ്ഥ; തമിഴ്നാട്ടിലും സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര്, ബില്ലുകളിൽ ഒപ്പ് വെക്കാതെ ഗവര്‍ണര്‍

കേരളത്തിൽ നടക്കുന്ന സർക്കാർ ഗവർണർ പോരിന്‍റെ ഏതാണ്ട് അതേ സാഹചര്യമാണ് തമിഴ്നാട്ടിലും നില നിൽക്കുന്നത്. തമിഴ്നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏപ്രിൽ മാസത്തിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവരെ അതിൽ ഒപ്പുവച്ചിട്ടില്ല.

ഈ ബിൽ പരിഗണനയിലിരിക്കെ ഗവർണർ ആർ.എൻ.രവി മൂന്ന് വൈസ്ചാൻസലർമാരെക്കൂടി നിയമിച്ചു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത നിലയാണ്. ഇത് സർവകലാശാലകളിൽ ഭരണപരമായ തടസ്സമുണ്ടാക്കുന്നു. ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണിത് എന്നാണ് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ പറ‌ഞ്ഞത്.

മാസങ്ങളായി തമിഴ്നാട് സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ് ഗവർണർ ആർ.എൻ.രവി. ഒരു ഘട്ടത്തിൽ ഗവർണറുടെ പരിപാടികൾ മന്ത്രിമാർ ബഹിഷ്കരിക്കുന്ന നില വരെ എത്തിയിരുന്നു. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ച് വരികയാണ്.

ഈ സാഹചര്യത്തിലാണ് അളഗപ്പ സർവകലാശാല, മനോൻമണ്യം സുന്ദരനാർ സർവകലാശാല, തിരുവള്ളുവർ സർവകലാശാല എന്നിവിടങ്ങളിൽ ഗവർണർ വിസിമാരെ നിയമിച്ചത്. ഇവരുടെ നിയമനക്കാര്യം രാജ്ഭവൻ സർക്കാരുമായി കൂടിയാലോചിച്ചില്ലെന്നാണ് വിവരം.

സംസ്ഥാനത്തെ 13 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. ഇതടക്കം 21 ബില്ലുകളിൽ ഒപ്പുവയ്ക്കാതെ ഗവർണർ വച്ചുനീട്ടുകയാണ്.

0Shares