
രാജ് ഭവനില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ക്കെതിരേ കുറിപ്പെഴുതിയ പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ മാറ്റി സർക്കാർ ഉത്തരവിറങ്ങി മിനുട്ടുകള്‍ക്കു ശേഷം നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു. ഇതോടെ സംസ്ഥാനത്തു രൂപപ്പെട്ട വലിയൊരു ഭരണഘടനാ പ്രതിന്ധിയ്ക്കു പരിഹാരമായി.
നാളെ രാവിലെ 9 മണിക്ക് രണ്ടാം പിണറായി സര്‍ക്കാരിൻ്റെ രണ്ടാം നയപ്രഖ്യാപന പ്രസംഗം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തും. പ്രശ്‌നത്തിൻ്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ് ഈ പ്രതിസന്ധി രൂപപ്പെട്ട ഉടന്‍ തന്നെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. രാജ്ഭവനില്‍ നേരിട്ടെത്തിയ മുഖ്യമന്ത്രിയുമായി ഗവര്‍ണ്ണര്‍ സംസാരിച്ചെങ്കിലും മഞ്ഞുരുകിയില്ല. നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതോടെ അനുനയ നീക്കം ഗവര്‍ണര്‍ സ്വീകരിച്ചതായി വേണം കരുതാന്‍.

രാജ്ഭവനില്‍ പേഴ്‌സണല്‍ സ്റ്റാഫായി ബി.ജെ.പി ഭാരവാഹിയായ ഹരി എസ്. കര്‍ത്തയെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ അനിശ്ചിതത്വം രൂപപ്പെട്ടത്. ഗവര്‍ണ്ണറുടെ നടപടിയില്‍ വിയോജനക്കുറിപ്പ് എഴുതിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിനു ബദലായി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ വിഷയം ഉന്നയിച്ച് മറ്റൊരു പ്രതിരോധം തീര്‍ക്കുകയും ചെയ്തു.
