വിഴിഞ്ഞം സമരത്തിൽ കോടികളുടെ വിദേശ ഫണ്ട് വിവാദം വെെദികരെ പിടിച്ചു കുലുക്കുന്നു;വെെദികരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി

You are currently viewing വിഴിഞ്ഞം സമരത്തിൽ കോടികളുടെ വിദേശ ഫണ്ട് വിവാദം വെെദികരെ പിടിച്ചു കുലുക്കുന്നു;വെെദികരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി

സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിൽ നിർത്തിക്കൊണ്ട് തുടർന്നു വന്ന വിഴിഞ്ഞം സമരം ശാന്തമാകുന്നു. സമരത്തെ അനുഭാവപൂർവ്വം നോക്കിക്കണ്ടിരുന്ന എൽഡിഎഫ് സർക്കാർ പെട്ടെന്നാണ് നിലപാട് മാറ്റി രംഗത്തെത്തിയത് എന്നുള്ളതും ശ്രദ്ധേയമാണ്. വിദേശഫണ്ട് ആരോപണങ്ങൾ ഉയർന്നതും മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടതും വഴിഞ്ഞം സമരത്തിനെതിരെ നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. സമരത്തിന് പിന്തുണ നൽകുന്ന ചില സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണത്തിൽ കേന്ദ്ര ഇൻ്റെലിജൻസ് ബ്യൂറോ വിവര ശേഖരണം തുടങ്ങിയതിന് പിന്നാലെ സംസ്ഥാന ഇൻ്റലിജൻസും വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ചില സന്നദ്ധ സംഘടനകൾക്കായി രണ്ട് പൊതുമേഖല ബാങ്കുകളുടെ വഞ്ചിയൂർ, കോവളം ശാഖകളിലെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ വിദേശത്ത് നിന്നെത്തിയതിൻ്റെ വിവരങ്ങളാണ് ശേഖരിച്ചത്. ഈ സംഘടനകളിൽ പെട്ടവർ സമരത്തിൻ്റെ മുൻനിരയിൽ ഉളളവരാണെന്നാണ് ഇൻ്റെലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ.

വിഴിഞ്ഞം തുറമുഖ സമര മുന്നണിയിൽ പ്രവർത്തിക്കുന്ന നേതാവിൻ്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് പത്ത് വർഷത്തിനിടെ വിദേശഫണ്ടായി 11 കോടി രൂപ ലഭിച്ചെന്ന പരാതിയിൽ ഇൻ്റലിജൻസ് ബ്യൂറോ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സമരാവശ്യത്തിന് ഈ ഫണ്ട് ഉപയോഗിച്ചോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

2018-19 സാമ്പത്തിക വർഷത്തിൽ നാല് കോടിയും, 2019-20 സാമ്പത്തിക വർഷം 1.35 കോടി രൂപയും ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ കഴിഞ്ഞ രണ്ട് വർഷം ലഭിച്ച തുകയുടെ കണക്ക് ആഭ്യന്തര മന്ത്രാലയത്തിന് ഇവർ സമർപ്പിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഏകദേശം 11 സംഘടനകൾ ഇൻ്റലിജൻസിൻ്റെ നിരീക്ഷണത്തിലാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

സമരത്തിൻ്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് വഴിഞ്ഞം സമരസമിതി നടത്തിയ പ്രതിഷേധത്തിൽ മാധ്യമ പ്രവർത്തകരും പൊലീസും ആക്രമിക്കപ്പെട്ടതോടെയാണ് സമരസമിതി പിന്നിലേക്ക് വലിഞ്ഞത്. ഇതിനു പിന്നാലെ മാധ്യമങ്ങൾ സമരവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്നും ഒഴിവായതോടെയാണ് സമരസമിതി പിന്നിലേക്ക് പോയത്. ഇതിനിടെ പുതിയ ആവശ്യങ്ങളുന്നയിച്ച് സമരസമിതി രംഗത്തെത്തി.

വെള്ളിയാഴ്‌ച ഫിഷറീസ് മന്ത്രി അബ്ദു റഹിമാൻ നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് പുതിയ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ദേശീയപാതാ വികസനത്തിന് സമാനമായ നഷ്‌ടപരിഹാരം നൽകണമെന്നാണ് ആവശ്യങ്ങളിലൊന്ന്. മൂന്ന് സെന്റ് ഭൂമി വീതം പതിച്ച് നൽകണമെന്നും ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി ജനറൽ കൺവീനറുമായ യൂജിൻ പെരേര ആവശ്യപ്പെട്ടു.

എന്നാൽ ഇത് നടക്കുന്ന കാര്യമല്ലെന്ന് മന്ത്രി മറുപടി നൽകി. ആവശ്യങ്ങൾ എഴുതി നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. ഇത് മുഖ്യമന്ത്രിക്ക് സമർപ്പിക്കാമെന്നാണ് മന്ത്രി പറഞ്ഞത്. മൃഗസംരക്ഷണവകുപ്പിൽ നിന്നും ഏറ്റെടുത്ത മുട്ടത്തറയിലെ എട്ട്‌ ഏക്കർ ഭൂമിയിൽ ഫ്ലാറ്റ് നിർമാണം തുടങ്ങാനിരിക്കെയാണ് സമരസമിതിയുടെ പുതിയ ആവശ്യം. മന്ത്രിസഭാ ഉപസമിതി നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് സർക്കാർ അനൗദ്യോഗിക ചർച്ച നടത്തിയത്. ഇതിലും സമവായ സാദ്ധ്യത അടഞ്ഞതോടെ ഹൈക്കോടതി നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് സർക്കാർ എന്നാണ് സൂചന.

0Shares