പ്രാദേശിക മേഖലയിൽ തൊഴിൽ സൃഷ്ടിച്ച് സാമ്പത്തിക വികസനം സാധ്യമാക്കാനാണ് സർക്കാർ ശ്രമം: മന്ത്രി എം.ബി രാജേഷ്

  • Post category:local news
  • Reading time:2 mins read
You are currently viewing പ്രാദേശിക മേഖലയിൽ തൊഴിൽ സൃഷ്ടിച്ച് സാമ്പത്തിക വികസനം സാധ്യമാക്കാനാണ് സർക്കാർ ശ്രമം:  മന്ത്രി എം.ബി രാജേഷ്

കാസർകോട്: പ്രാദേശിക മേഖലയിൽ തൊഴിൽ സൃഷ്ടിച്ച് സാമ്പത്തിക വികസനം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ജില്ലാ പഞ്ചായത്തിൻ്റെ യും മടിക്കൈ ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല തൊഴിൽ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മികച്ച തൊഴിൽ നേടാൻ വിദ്യാഭ്യാസം മാത്രം പോരാ. സാങ്കേതിക വിദ്യ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഉള്ളിലെ തൊഴിൽ നൈപുണ്യത്തെ മെച്ചപ്പെടുത്തണം. പുതിയ വൈദഗ്ദ്യങ്ങൾ സ്വായത്തമാക്കണം. തൊഴിലിനൊപ്പം പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അവസരവും തൊഴിൽ സഭകളിലൂടെ സാധിക്കും. കേരളം ഒരുപാട് മാതൃകകൾ മുന്നോട്ട് വെക്കുന്നുണ്ട്. തൊഴിൽ സൃഷ്ടിക്കുന്നതിൽ പ്രദേശികവും വികേന്ദ്രീകതവുമായ ജനകീയ കൂട്ടായ്മകളുടെ വലിയ മാതൃകയാണ് തൊഴിൽ സഭകൾ.

പ്രദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശിക മേഖലകളിൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണമെങ്കിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കണം. സാമ്പത്തിക വളർച്ച വികസനമായി മാറണം. വളർച്ചയുടെ നേട്ടങ്ങൾ എല്ലാവർക്കും ലഭിക്കണമെങ്കിൽ അത് തൊഴിലുണ്ടാക്കുന്ന വളർച്ചയാകണം. ഉൽപാദന മേഖലയിൽ ഉണ്ടാകുന്ന വളർച്ചയാണ് തൊഴിൽ സൃഷ്ടിക്കുന്ന വളർച്ചയായി മാറുന്നതെന്നും മന്ത്രി പറഞ്ഞു.

മേക്കാട്ട് ജി.വി.എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനവും കെ. ഡിസ്കും എന്ന വിഷയത്തിൽ സംസാരിച്ചു.

നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷിനോജ് ചാക്കോ, കെ. ശകുന്തള, മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.സത്യ, ടി. രാജൻ, രമാപത്മനാഭൻ , തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ ഡയറക്ടർ ജയ്സൺ മാത്യു, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ് മായ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി. ടി സുരേന്ദ്രൻ, ലീഡ് ബാങ്ക് മാനേജർ എൻ.വി ബിമൽ , മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ സി. പ്രഭാകരൻ, കെ. വി കുമാരൻ, എം രാജൻ എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്വാഗതവും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ നന്ദിയും പറഞ്ഞു. തുടർന്ന് മടിക്കൈ പഞ്ചായത്തിലെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുത്ത കുട്ടികളെ മന്ത്രി അനുമോദിച്ചു.

എൻ്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരും, സംരംഭകരാവാൻ താത് പര്യമുള്ളവരെയും , സ്റ്റാർട്ട് അപ് ആശയങ്ങൾ പങ്കു വെക്കാനും , തുടങ്ങാനും താത്പര്യമുള്ളവർക്കും , കാർഷിക മേഖലയിലടക്കം പുതിയ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെയാണ് തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നത്.

ഇതിനു മുന്നോടിയായി പഞ്ചായത്തുകളിൽ അഭ്യസ്തവിദ്യരുടെയും തൊഴിലന്വേഷകരുടെയും സംരംഭകരുടെയും സർവ്വെ നടത്തി. ഇവരെ വാർഡടിസ്ഥാനത്തിൽ സംഘടിപ്പിച്ച് തൊഴിൽ മേളകൾ നടത്തും. സംസ്ഥാന തല തൊഴിൽ സഭ കഴിഞ്ഞ സപ്തംബറിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടത്തുകയുണ്ടായി.

0Shares