രാത്രിമഴ പെയ്തു തോര്‍ന്നു; പ്രിയ കവയിത്രിക്ക് വിട; മൃതദേഹം സംസ്‌കരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രാത്രിമഴ പെയ്തു തോര്‍ന്നു; പ്രിയ കവയിത്രിക്ക് വിട; മൃതദേഹം സംസ്‌കരിച്ചു

അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹതത്തിന് നന്ദാവനം പോലീസ് ക്യാംപിലെ പോലീസുകാർ ഔദ്യോഗിക യാത്രയപ്പ് നൽകി.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് സിംഗ് കൗറും സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. സുഗതകുമാരിയുടെ മകൾ ലക്ഷ്മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ, ചെറുമകൻ വിഷ്ണു എന്നിവർ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പോലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തിയത്.

കൊവിഡ് മരണമായതിനാൽ പൊതുദർശനം ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒരു മണി മുതൽ തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു.

ഇന്ന് രാവിലെ 10.52നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുഗതകുമാരി അന്തരിച്ചത്. 86 വയസ്സായിരുന്നു. കൊവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

0Shares