
സംസ്ഥാനത്തെ സ്വർണ്ണകള്ളക്കടത്ത് കേസിൽ ദുരൂഹത സൃഷ്‌ടിച്ച് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ നീക്കം അതീവ ഗുരുതരമാണ്. നയതന്ത്രവഴി ഉപയോഗിച്ച് സ്വർണ്ണം കടത്തികൊണ്ടുവന്നവരേയും അതിനുപുറകിലുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. അതിനു കഴിയുന്ന സമഗ്രമായ അന്വേഷണം കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്നും സെക്രട്ടേറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണമായാലും അതിനുള്ള എല്ലാ പിന്തുണയും സംസ്ഥാനസർക്കാർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. അത് അറിഞ്ഞിട്ടും കേന്ദ്രവിദേശ കാര്യസഹമന്ത്രി നടത്തിയ ചില പ്രതികരണങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറലാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഇതിനു മുമ്പും പല തവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വർണ്ണം കടത്തിയതായാണ് പറയുന്നത്. അതൊന്നും പിടികൂടാൻ കസ്‌റ്റംസിനു കഴിഞ്ഞില്ല.
നയതന്ത്രാലയങ്ങളുടെ പേരിൽ വരുന്ന പാഴ്‌സലുകൾ സംശയമുളവാക്കിയിരുന്നതായും വാർത്തകളുണ്ട്. അത് സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്നാണ് മുരളീധരൻ വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
കോൺഗ്രസും ബി.ജെ.പിയും ഒരു സംഘം മാധ്യമങ്ങളും പുകമുറ സൃഷ്‌ടിച്ച് സ്വർണ്ണകള്ളക്കടത്ത് എന്ന അടിസ്ഥാന പ്രശ്‌നത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടുകയാണ്. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരാണ് സ്വർണ്ണം കടത്തിയത്, ആർക്കുവേണ്ടിയാണ് ഇതു ചെയ്‌തത്, എത്രകാലമായി ഇതുചെയ്തുവരുന്നു, ഇതിനു സഹായം നൽകുന്ന ശക്തികൾ ആരൊക്കെയാണ്, ആർക്കെല്ലാമാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത് എന്നിവയാണ് അടിസ്ഥാന ചോദ്യങ്ങൾ. എന്നാൽ, ഈ ചോദ്യങ്ങളിലേക്ക് കടക്കാതിരിക്കുന്നതിനുള്ള അതീവജാഗ്രതയാണ് ഈ സംഘം നടത്തുന്നത്.
അതിനായി ഏതറ്റം വരെ പോകാനും മടിയില്ലെന്ന് ഓരോ മിനിറ്റിലും തെളിയിക്കുകയാണ്. കള്ളക്കടത്ത് സ്വർണ്ണം വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ച വ്യക്തി ബി. എം. എസ് നേതാവാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇതിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് വിളിച്ചതെന്ന ആരോപണം ഉന്നയിച്ചത്. കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബി. ജെ പി ശ്രമിക്കുന്നത്. അതിനു കൂട്ടുനിൽക്കുകയാണ് യു. ഡി. എഫ് ചെയ്യുന്നതെന്നും സി.പി.എം ആരോപിച്ചു.
