ലഹരിപാർട്ടി: എൻ.സി.ബി കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ പ്രമുഖ വ്യവസായിയുടെ മക്കൾ; ഷാരൂഖിന്‍റെ ആര്യൻ ഖാൻ എത്തിയത് ക്ഷണിക്കപ്പെട്ട അതിഥിയായി

  • Post category:news
  • Reading time:1 min read
You are currently viewing ലഹരിപാർട്ടി: എൻ.സി.ബി കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ പ്രമുഖ വ്യവസായിയുടെ മക്കൾ; ഷാരൂഖിന്‍റെ  ആര്യൻ ഖാൻ എത്തിയത് ക്ഷണിക്കപ്പെട്ട അതിഥിയായി

ആഡംബര കപ്പലിൽ ലഹരിപാർട്ടിക്കിടെ നടന്ന നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡിൽ പിടികൂടിയവർ പ്രമുഖ വ്യക്തികളെന്ന് സൂചന. പാർട്ടിയിൽ എം.ഡി.എം.എയും കൊക്കെയ്‌നും ചരസ്സും ഉപയോഗിച്ചതായും ഇവ പിടിച്ചെടുത്തെന്നുമാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികൾ ഉൾപ്പെടെ 13 പേരെയാണ് എൻ.സി.ബി കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെയും കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി ചോദ്യംചെയ്തുവരികയാണ്. ആര്യൻ ഖാനെ റേവ് പാർട്ടിയിലേക്ക് സംഘാടകർ അതിഥിയായി നേരിട്ട് ക്ഷണിച്ചതായാണ് വിവരം. പാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ ഖാൻ പണംമുടക്കിയിരുന്നില്ല. ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ എൻ.സി.ബി സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

പിടിയിലായ മൂന്ന് യുവതികളും ഡൽഹി സ്വദേശികളാണെന്നാണ് വിവരം. ഇവർ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടേതടക്കം ഫോണിലെ സന്ദേശങ്ങളും കോൾവിവരങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. റേവ് പാർട്ടിയുടെ സംഘാടകരെയും എൻ.സി.ബി ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എഫ്ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്‍റെ മേൽനോട്ടത്തിലാണ് കപ്പലിൽ റേവ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. ലഹരിമരുന്ന് പിടിച്ചെടുത്തതോടെ കാഷിഫ് ഖാനിൽനിന്നും എൻ.സി.ബി സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. ഇയാൾ എൻ.സി.ബിയുടെ നിരീക്ഷണത്തിലാണെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

0Shares