സിദ്ധാർത്ഥിന് എതിരെ മരണശേഷം പെൺകുട്ടിയുടെ പരാതി; മരിച്ച ആൾക്കെതിരായ പരാതി പരിശോധിക്കാൻ ഐ.സി.സി യോഗം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സിദ്ധാർത്ഥിന് എതിരെ മരണശേഷം പെൺകുട്ടിയുടെ പരാതി; മരിച്ച ആൾക്കെതിരായ പരാതി പരിശോധിക്കാൻ ഐ.സി.സി യോഗം

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിൻ്റെ മരണശേഷം കോളേജിലെ ഒരു വിദ്യാർത്ഥിനി പരാതി നൽകിയത് ദുരൂഹം. സിദ്ധാർത്ഥ് മരിച്ച ദിവസമായ 18നാണ് പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകിയെന്ന് പറയുന്നത്. ഫെബ്രുവരി 18ന് കോളേജിന് ലഭിച്ച പരാതി 20നാണ് കോളജ് ഇൻ്റെണല്‍ കംപ്ലയിണ്ട് കമ്മിറ്റിക്ക് കൈമാറിയത്.

സിദ്ധാർത്ഥ് ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി. ഫെബ്രുവരി 14ന് കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ആരോപണം. മരണം സംഭവിച്ചതിനാല്‍ കുറ്റാരോപിതന് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിൻ്റെ റിപ്പോര്‍ട്ട്.

ഈ മാസം 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ത്ഥിനെ കണ്ടെത്തിയത്. വിദ്യാർത്ഥി ക്രൂര മര്‍ദനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വടികൊണ്ട് അടിച്ചതിൻ്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവില്‍ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലി കല്‍പ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി.

സിദ്ധാർത്ഥിനെ ആക്രമിച്ച 19 പ്രതികള്‍ക്ക് പഠന വിലക്കും ഏര്‍പ്പെടുത്തി. കോളജ് ആന്റി റാഗിങ് സെല്ലിൻ്റെതാണ് നടപടി. മൂന്ന് വര്‍ഷത്തേക്കാണ് പഠന വിലക്ക് ഏര്‍പ്പെടുത്തിയത്.

0Shares