
കാസര്‍കോട്: ലോക്‌സഭാ മണ്ഡലം പൊതുതെരഞ്ഞെടുപ്പിൻ്റെ നിരീക്ഷകന്‍ ജനറല്‍ ഒബ്‌സർവർ റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി. മുതിര്‍ന്ന എ.ഐ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഉത്തര്‍പ്രദേശ് കൃഷി വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയാണ്.
വ്യാഴാഴ്‌ച രാവിലെ കാസര്‍കോട് ഗവൺമെണ്ട് ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി.ബിജോയ്, അസിസ്റ്റണ്ട് കളക്ടര്‍ ദിലീപ്.കെ കൈനിക്കര എന്നിവരുമായി ചര്‍ച്ച നടത്തി.

കാസര്‍കോട് കളക്ടറേറ്റില്‍ വരണാധികാരി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അദ്ദേഹത്തെ സ്വീകരിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പണ നടപടികൾ അദ്ദേഹം നിരീക്ഷിച്ചു. നിരീക്ഷകരുടെ നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ് ഒപ്പമുണ്ടായിരുന്നു.
കളക്ടറേറ്റിലെ ഇലക്ഷൻ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറും എ.ഡി.എമ്മുമായ കെ.വി ശ്രുതി, നോഡൽ ഓഫീസർ ആദില്‍ മുഹമ്മദ്, എന്നിവരുമായും കൺട്രോൾ റൂം ജീവനക്കാരുമായും ഒബ്‌സർവർ സംസാരിച്ചു. ടോള്‍ ഫ്രീ നമ്പര്‍ 1950ലൂടെ വരുന്ന വിവരങ്ങള്‍, സിവിജില്‍ ആപ്പിലൂടെ ലഭിക്കുന്ന പരാതികള്‍ ചോദിച്ചറിഞ്ഞു. പൊതുനിരീക്ഷകൻ്റെ ഫോണ്‍ നമ്പര്‍: 7907671205.
ജില്ലാതല മീഡിയ സെല്‍ സന്ദര്‍ശിച്ചു
കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പി.ആര്‍ ചേമ്പറില്‍ സജ്ജീകരിച്ചിട്ടുള്ള ജില്ലാതല മീഡിയ സെല്‍ സന്ദര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങള്‍, അച്ചടി ദൃശ്യ, ഡിജിറ്റല്‍ മാധ്യമങ്ങളും ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പെയ്‌ഡ് ന്യൂസ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചു വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍, രാഷ്ട്രീയ പരസ്യങ്ങളുടെ അനുമതികള്‍ തുടങ്ങിയവ സംബന്ധിച്ച് നിരീക്ഷകന്‍ ചോദിച്ചറിഞ്ഞു.

എം.സി.എം.സി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം.മധുസൂദനന്‍ മീഡിയ സെൻ്റെറിൻ്റെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടേയും സോഷ്യല്‍ മീഡിയ സെല്ലിൻ്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എം.സി.എം.സി അംഗമായ ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കപില്‍ദേവ്, ഒബ്‌സര്‍വേഴ്‌സ് നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ്, എം.സി.എം.സി വിഭാഗം വിവര്‍ത്തകരായ അധ്യാപകര്‍, എം.സി.എം.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
