
വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
ബേഡകം / കാസർകോട്: ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡ്, ബിഗ് പ്ലസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറും ഉടമയുമായ കുണ്ടംകുഴി ബിഡിക്കികണ്ടം സ്വദേശി വിനോദ് കുമാർ അറസ്റ്റിൽ. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം പെരിയ സ്വദേശി ഗംഗാധരനും അറസ്റ്റിലായിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ കാസർകോട്ടെ ഒരു ലോഡ്‌ജിൽ നിന്നാണ് വിനോദ് കുമാറും ഡയറക്ടർ ബോർഡ് അംഗവും കൂട്ടാളികളും ബേഡകം പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ മാസം ലഭിച്ച ഒരു പരാതിയിൽ കമ്പനി ഉടമകൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.
ജനുവരി 22ന് വിനോദ് കുമാറിൻ്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെയാണ് പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചത്. ഇതോടെയാണ് കേസുകൾ റജിസ്റ്റർ ചെയ്‌ത് പോലീസ് അന്വേഷണം കടുപ്പിച്ച് നിയമോപദേശം തേടുകയും തട്ടിപ്പ് സംഘത്തെ പിടികൂടുകയുമായിരുന്നു. കോടതി മുമ്പാകെയുള്ള പരാതി ഒഴിച്ച് മറ്റുള്ള പരാതികളിൽ പ്രത്യേകം റിമാണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കി പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

കാസർകോട്, കുണ്ടംകുഴിയിലാണ് ജി.ബി.ജി നിധി എന്ന സ്ഥാപനം പ്രവർത്തിച്ചു വന്നത്. നിക്ഷേപത്തിന് 80%ന് മുകളിൽ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. ഒരുലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം ചെയ്ത നിക്ഷേപകരിൽ നിന്ന് തട്ടിയത് 400 കോടി രൂപയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. നാല് ജില്ലകളിലായി 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തിയാതായി റിപ്പോർട്ടുണ്ട്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം ലഭിച്ച പതിനെട്ട് പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2020ൽ ആരംഭിച്ച സ്ഥാപനം ആദ്യ രണ്ടുവർഷം നിക്ഷേപകർക്ക് കൃത്യമായി തന്നെ പലിശ നൽകിയിരുന്നു. ഇത് സ്ഥാപനത്തിൻ്റെ വിശ്വാസ്യത വർധിപ്പിച്ചു. പുതിയ നിക്ഷേപകരെ കൊണ്ടുവരുന്നവർക്ക് കമ്മീഷനും നൽകിയാണ് കമ്പനി പ്രവർത്തിച്ച് വന്നത്. പിന്നീട് നിക്ഷേപകർക്ക് പണം ലഭിക്കാതായി. അന്വേഷിച്ച് എത്തുന്നവരോട് ഉടൻ തന്നെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കും എന്ന ഉറപ്പ് സ്ഥാപനം നൽകിയിരുന്നു. അതിനാൽ ആദ്യഘട്ടത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ഉയർന്നിരുന്നില്ല. ഒടുവിൽ പരാതി നടപടികളുമായി മുന്നോട്ട് പോകുന്നവർക്ക് സ്ഥാപനത്തിൽ നിന്ന് ഭീഷണികളും ഉണ്ടായി. പണം തിരിച്ച് ലഭിക്കാൻ ഒരു സാധ്യതയുമില്ല എന്ന് ഉറപ്പായതോടെയാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിയത്.
നിലവിൽ, കാസർകോടിന് പുറമെ വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിക്ഷേപകരും പരാതിയുമായി എത്തിയിട്ടുണ്ട്. നിലവിൽ ഇരുപത് പേരുടെ പരാതിയിലാണ് പൊലീസിൻ്റെ അന്വേഷണം നടക്കുന്നത്. സ്ഥാപനത്തിൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ 12 പേരുടെയും അക്കൌണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു.

ഇതിൽ എട്ട് അക്കൌണ്ടുകളിലായി 49 കോടി രൂപയുടെ വിനിമയം നടന്നതായും 11.66 കോടി രൂപ ബാക്കിയിരിപ്പും കണ്ടെത്തി. ജി.ബി.ജി കമ്പനിയുടെയും ഡയറക്ടർമാരുടെയും പേരിൽ ആഡംബര വാഹനങ്ങളും കേരള, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂമിയും സ്വത്തുവകകളും സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ കണ്ടുകെട്ടുന്നതിനും റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു.
നിക്ഷേപകർ സമരത്തിലേക്ക്
കാസർകോട് ജി.ബി.ജി നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്. പണം ആവശ്യപ്പെടുമ്പോൾ ഭീഷണിയും ആരംഭിച്ചതോടെയാണ് കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ നിക്ഷേപകരുടെ കൂട്ടായ്‌മ തീരുമാനിച്ചത്. കാസർകോടിന് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം പേർ തട്ടിപ്പിനിരയായെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
