
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പണപ്പിരിവ് അവസാനിച്ചു. ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നാണ്.

കേരളത്തിൽ നിന്ന് 13 കോടിയും തമിഴ്നാട്ടിൽ നിന്ന് 85 കോടി രൂപയും പിരിച്ചെടുത്തു. 45 ദിവസം നീണ്ടു നിന്ന പണപ്പിരിവിന്‍റെ ഭാഗമായി 10 കോടി വീടുകളിലും നാല് ലക്ഷം ഗ്രാമങ്ങളിലും വളണ്ടിയർമാർ എത്തിയതായി രാമക്ഷേത്ര നിർമാണ ട്രസ്റ്റ് ചെയർമാൻ അറിയിച്ചു. ഒമ്പത് ലക്ഷം വളണ്ടിയർമാരാണ് പണപ്പിരിന്‍റെ ഭാഗമായത്.
10, 100, 1000 രൂപയുടെ കൂപ്പണുകളാണ് ഫണ്ട് കളക്ഷന് വേണ്ടി തയ്യാറാക്കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ദിഗ്വിജയ് സിങ്, അപർണ യാദവ് ഉൾപ്പടെ നിരവധി പ്രമുഖർ രാമക്ഷേത്ര ഫണ്ട് കളക്ഷന്‍റെ ഭാഗമായി. മാർച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അന്തിമ കണക്കെടുപ്പിൽ ഈ തുക വർദ്ധിച്ചേക്കാമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു.
