പുതിയ ചരിത്രം കുറിച്ച് കേരള കലാമണ്ഡലം; ഇനിമുതൽ പെൺകുട്ടികൾക്കും കഥകളി അഭ്യസിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing പുതിയ ചരിത്രം കുറിച്ച് കേരള കലാമണ്ഡലം;  ഇനിമുതൽ പെൺകുട്ടികൾക്കും കഥകളി അഭ്യസിക്കാം

കലാമണ്ഡലത്തിൻ്റെ നവതി ആഘോഷ വേളയിൽ പുതിയ ചരിത്രം കുറിച്ച് ആദ്യമായി പെൺകുട്ടികൾക്ക് കഥകളി അഭ്യസിക്കാൻ അവസരമൊരുക്കി കേരള കലാമണ്ഡലം. കലാമണ്ഡലം ഗോപിയാശാനടക്കമുള്ള ഭരണ സമിതിയാണ് കഥകളി അഭ്യസിക്കാൻ പെൺകുട്ടികൾക്ക് അവസരം നൽകണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതേത്തുടർന്ന് സാംസ്‌കാരിക വകുപ്പ് അനുകൂല തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

കലാമണ്ഡലം ആർട്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസിലേക്ക് നടത്തിയ അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കഥകളി വടക്കൻ വിഭാഗത്തിൽ ആറും, കഥകളി തെക്കൻ വിഭാഗത്തിൽ മൂന്നും വീതം കുട്ടികൾക്കാണ് പ്രവേശനം. ഔപചാരിക വിദ്യാഭ്യാസ രീതിയിൽ ആദ്യമായാണ് കലാമണ്ഡത്തിൽ പെൺകുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നൽകുന്നത്.

എം.എ വരെയുള്ള പത്ത് വർഷമാകും പഠനം.വടക്കൻ വിഭാഗത്തിൽ വൈദേഹി (കൊല്ലം), ദുർഗ്ഗ രമേഷ് (ഇടുക്കി), ആര്യ കെ.എസ് (മലപ്പുറം), ശ്വേത ലഷ്മി (കോഴിക്കോട്), ത്രയംബക (കോഴിക്കോട്), അക്ഷയ (കറുകപുത്തൂർ ) എന്നിവർക്കാണ് പ്രവേശനം. കഥകളി തെക്കൻ വിഭാഗത്തിൽ ദേവനന്ദ (കൊല്ലം), വൈഷ്ണവി (പത്തനംതിട്ട), കൃഷ്ണപ്രിയ (ആലപ്പുഴ) എന്നിവർക്കാണ് പ്രവേശനം.

കളരികളിലെ കഠിനമായ അഭ്യാസ മുറകളും, ഉഴിച്ചിലുമടക്കമുള്ള ക്രമങ്ങളും, സ്തീകൾക്ക് പ്രയാസമാകുമെന്ന് കരുതിയാണ് വള്ളത്തോൾ നാരായണ മേനോനടക്കമുള്ളവർ പെൺകുട്ടികളെ കഥകളി പഠനത്തിൽ ഉൾപ്പെടുത്താതിരുന്നതെന്ന് കഥകളി കലാകാരന്മാർ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതോടൊപ്പം കലാമണ്ഡലത്തിലെയും ക്ലാസ് ആരംഭിക്കും.കാലങ്ങളായി പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന കലാരൂപമാണ് കഥകളി. കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളെ പോലും അവതരിപ്പിച്ചിരുന്നത് പുരുഷന്മാരാണ്.

ഈ രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് കലാമണ്ഡലം മുൻ പ്രിൻസിപ്പാൾ കലാമണ്ഡലം രാജശേഖരൻ പറഞ്ഞു.സ്ത്രീകൾ കഥകളി രംഗത്ത് സജീവമാകണം. സമൂഹത്തിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും തുല്യപങ്കുള്ള കാലഘട്ടമാണിത്. എന്തുകൊണ്ട് സ്ത്രീകളെ ഈ രംഗത്ത് നിന്ന് മാറ്റിനിറുത്തുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയാനില്ല. സ്ത്രീകൾക്ക് ഉഴിച്ചിലടക്കമുള്ള അഭ്യാസങ്ങൾ ആവശ്യമില്ല. ഇതൊരു പരീക്ഷണമാണ് . വിജയിക്കുമെന്നാണ് പ്രതീക്ഷ എന്ന് ഭരണസമിതി അംഗം കലാമണ്ഡലം ഗോപിയാശാൻ പറഞ്ഞു.

0Shares