
കാസർകോട്: തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ജില്ലയിലെ പ്രചരണ ഉദ്ഘാടനത്തിൻ്റെ ഭാഗമായി പരിപാടിയുടെ ലോഗോ ബ്രോഷര്‍ പ്രകാശനം നവകേരള കര്‍മ്മ പദ്ധതിയുടെ മാര്‍ഗ്ഗരേഖ പ്രകാശനം എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും മാസ്‌കട്ട് പ്രകാശനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദും നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ , ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ജെയ്‌സണ്‍ മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായിട്ടാണ് ‘തെളിനീരൊഴുകും നവകേരളം’ പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച 22 ലോക ജലദിനത്തില്‍ പൊതുജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതകേരളം മിഷൻ്റെയും ശുചിത്വ മിഷൻ്റെയും പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
വീടുകളിലും സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മലിനജല സംസ്‌ക്കരണത്തിനും, കക്കൂസ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും, ഖരമാലിന്യ സംസ്‌ക്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ജലസ്രോതസ്സുകളിലേക്കുള്ള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തില്‍ സുസ്ഥിരത കൈവരിക്കുക , ഖര-ദ്രവ മാലിന്യ പരിപാലനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
