
കാസർകോട്: ക്വിറ്റിന്ത്യാ ദിനാചരണത്തിന്‍റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് രാഷ്ട്രത്തിന്‍റെ ആദരം അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് ആദരമേറ്റുവാങ്ങിയ പത്ത് സ്വാതന്ത്ര്യസമര സേനാനികളില്‍ രണ്ടു പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഗോവ വിമോചന സമര നായകരായ കെ.വി.നാരായണന്‍, കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവരെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ ദേശീയചിഹ്നം പതിച്ച ആശംസമുദ്രയും അങ്കവസ്ത്രവും ഷാളും അണിയിച്ച് ആദരിച്ചത്.

കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ കൂഡ്‌ലുവിലെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ആദരിച്ചു. രാഷ്ട്രപതിയുടെ അഭിനന്ദന സന്ദേശം കൈമാറി.ചടങ്ങില്‍ തഹസില്‍ദാര്‍ എ. വി രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, വില്ലേജ് ഓഫീസര്‍ എ. പി മുഹമ്മദ് ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.

കാഞ്ഞങ്ങാട് പടന്നക്കാടെ വീട്ടിലെത്തി കെ. വി നാരായണന് എ. ഡി. എം എന്‍. ദേവീദാസ് രാഷ്ട്രപതിയുടെ ആദരം കൈമാറി അങ്കവസ്ത്രമണിയിച്ച് ആദരിച്ചു. ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ എ. സി അബ്ദുള്‍ സലാം, ജയേഷ് എന്നിവരും സ്വാതന്ത്ര്യസമര സേനാനി കെ.വി നാരായണന്റെ ഭാര്യ ലക്ഷ്മി, പ്രദോഷ് എന്നിവരും പങ്കെടുത്തു.
ജില്ലാ കളക്ടര്‍ രണ്ടു സ്വാതന്ത്ര്യസമര സേനാനികളയും അഭിനന്ദനവും ആശംസയും അറിയിച്ചു. രാജ്യത്താകെ 202 സ്വാതന്ത്ര്യ സമര സേനാനികളെയാണ് ഇന്ന് ആദരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആദരം അര്‍പ്പിച്ചത്.
