
ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം കടം നല്‍കി തിരിടവ് മുടങ്ങിയാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തിലെ നാല് പേര്‍ പോലീസ് പിടിയില്‍. ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് ഗുരുഗ്രാമില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
കമ്പനിയുടെ ഡയറക്ടര്‍, മാനേജ്‌മെന്റ് സ്റ്റാഫ് തുടങ്ങിയ പദവികളില്‍ ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായിരിക്കുന്നതെന്നും ചൈനീസ് പൗരനാണ് ഇവരുടെ തലവനെന്നും പോലീസ് പറഞ്ഞു. 30 ശതമാനം വരെ പലിശ ഈടാക്കി രാജ്യത്ത് ഒരുലക്ഷത്തിലധികം പേര്‍ക്കാണ് ഇവര്‍ ഇതിനോടകം വായ്പ നല്‍കിയത്.

2021 മുതലാണ് ഇവര്‍ ചൈനീസ് ആപ്പുകള്‍ വഴി ലോണ്‍ നല്‍കാന്‍ ആരംഭിച്ചിരുന്നത്. മാസാമാസം തിരിച്ചടവ് നല്‍കണം എന്ന വ്യവസ്തയിലാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് പണം കടം നല്‍കുന്നത്. എന്നാല്‍ തവണ മുടങ്ങിയാല്‍ ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ വിളികള്‍ ആരംഭിക്കും. കൂടാതെ ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വാട്ട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്യും. ഇത്തരത്തില്‍ ലോണ്‍ ആപ്പില്‍ നിന്നും കടം വാങ്ങിയ തുക കൃത്യ സമയത്ത് തിരിച്ചടക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് നാലംഗ കുടുംബം കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
ആന്ധ്രയിലായിരുന്നു സംഭവം. പണം തിരിച്ചടക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കുടുംബത്തെ സംഘം ഭീഷണിപ്പെടുത്തുകയും യുവതിയുടെയും മക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രം ഇവരുടെ ബന്ധുക്കള്‍ക്ക് അടക്കം വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് കുടുംബം കൂട്ട ആത്മഹത്യ ചെയ്തത്.
