
മഞ്ചേശ്വരം / കാസർകോട്: ഹൊസങ്കടി, മജീര്‍പള്ളയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ചെവ്വാഴ്‌ച രാവിലെ ഏഴ് മണിയോടെ മജീര്‍പള്ള ബെളിപ്പഗുളിയിലാണ് അപകടം.
ബസ് യാത്രക്കാരായ ദൈഗോളിയിലെ ഇബ്രാഹിമിനും രണ്ട് സ്ത്രീകള്‍ക്കും ബസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനക്കല്ല് ഭാഗത്ത് നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് വരികയായിരുന്ന വിഷ്‌ണു ബസും ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപമാണ് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് പരിക്കേറ്റത്. വിദ്യാനഗര്‍ പന്നിപ്പാറയിലെ അസീസ് (29), ഭാര്യ ഉപ്പള സ്വദേശിനി ഖദീജ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെ കാര്റുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അസീസിനെ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി.
അപകട സ്ഥലത്ത് കാസര്‍കോട് സി.ഐ പി.അജിത്കുമാറും പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.
