
കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പിൽ സൈബർ സെൽ സഹായത്തോടെ പോലീസ് അന്വേഷണം ശക്‌തമാക്കി. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും പാര്‍ട്ട് ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളില്‍ വിവിധ സ്റ്റേഷനുകളില്‍ രണ്ട് ദിവസത്തിനിടെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.
സൈബർ കുറ്റവാളികൾ ലക്ഷക്കണക്കിന് രൂപയാണ് പലരുടെയും തട്ടിയെടുത്തത്. തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപയാണ് നഷ്ടമായത്. മൂവി പ്ലാറ്റ്‌ഫോം എന്ന കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ചാണ് രൂപ തട്ടിയെടുത്തത്.
ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയുടെ 1.30 ലക്ഷം രൂപ നഷ്ടമായത് വാട്‌സാപ്പിലൂടെ നിക്ഷേപത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ചതിച്ചാണ്. ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും നഷ്ടമായി. വാട്‌സാപ്പിലൂടെയും ടെലഗ്രാമിലൂടെയും ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയാണ് കൂടുതലും പണം നഷ്ടമായത്.

ലിങ്കില്‍ ക്ലിക്ക് ചെയ്‌തതിലൂടെ മാങ്ങാട്, ബാര സ്വദേശിയുടെ 99,999 രൂപയാണ് നഷ്ടമായി. തട്ടിപ്പുകാര്‍ അയാള്‍ക്ക് നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക വഴിയാണ് തട്ടിപ്പിനിരയായതെന്ന് സൈബര്‍ സെല്‍ പൊലീസ് അറിയിച്ചു.
പണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ അകറ്റി നിര്‍ത്തുക, അയച്ചു തന്നിരിക്കുന്ന സംശയമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. ഇതിലൂടെ ഫോണിൻ്റെ മുഴുവന്‍ നിയന്ത്രണവും സൈബർ കുറ്റവാളികൾക്ക് ലഭിക്കും. ഒ.ടി.പി വിവരങ്ങൾ അടക്കം എല്ലാം കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബുകള്‍ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക, ജോലി ലഭിക്കാനായി ഇത്തരക്കാര്‍ക്ക് പണം നല്‍കാതിരിക്കുക, ഓണ്‍ലൈന്‍ ഗെയിമുകളാണ് മറ്റൊരു വില്ലന്മാര്‍.
ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കുമ്പോള്‍ അതിന് പിന്നില്‍ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥർ അറിയിച്ചു.
