
വാർത്താ സമ്മേളനത്തിൽ പച്ചമീൻ പച്ചയ്ക്ക് കഴിച്ച് ശ്രീലങ്കൻ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ദിലീപ് വെഡാറച്ചി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാന്ദ്യത്തിലായ കടൽ വിഭവ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണിത്. ഒക്‌ടോബറിൽ കൊളംബോയിലെ മത്സ്യമാർക്കറ്റിൽ വൈറസ് ബാധ വ്യാപിച്ചിരുന്നു.

കൊവിഡ് 19 ക്ലസ്റ്റർ രൂപപ്പെട്ടതിനെത്തുടർന്ന് മാർക്കറ്റ് ഏറെ നാളത്തേക്ക് അടച്ചിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ശ്രീലങ്കയിലെ മത്സ്യവിപണനത്തിൽ വൻതോതിൽ ഇടിവുണ്ടായി. ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വാർത്താ സമ്മേളനത്തിനിടെ മുൻമന്ത്രി മത്സ്യം കഴിച്ചത്. മീനുകൾക്ക് വില വളരെയധികം കുറഞ്ഞെങ്കിലും കൊറോണ ഭീതിയിൽ ആരും മത്സ്യം വാങ്ങാൻ തയാറാകുന്നില്ല.
‘മത്സ്യബന്ധനമേഖലയിലുള്ള നമ്മുടെ ആളുകൾക്ക് മീൻ വിൽക്കാൻ സാധിക്കുന്നില്ല. ഇവിടെയുള്ള ആളുകൾ മീൻ കഴിക്കുന്നില്ല. നിങ്ങളെ കാണിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഈ മീൻ വാങ്ങിയത്. ഇ രാജ്യത്തെ ജനങ്ങളോട് മത്സ്യം കഴിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. പേടിക്കേണ്ടതില്ല. നിങ്ങൾക്ക് മത്സ്യം കഴിക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകില്ല’- ദിലീപ് പറഞ്ഞു.
