
കേരളത്തിൽ ഇന്ന് 608 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസമാണ് ഇന്ന്. തിരുവനന്തപുരത്തു മാത്രം 201 പേരാണ് ഉള്ളത്.
സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയിലേക്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47കാരനാണ് മരിച്ചത്. 396 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 181 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 201, കൊല്ലം 23, ആലപ്പുഴ 34, പത്തനംതിട്ട 3, കോട്ടയം 25, എറണാകുളം 70, തൃശൂര്‍ 42, പാലക്കാട് 26, മലപ്പുറം 58, കോഴിക്കോട് 58, കണ്ണൂര്‍ 12, വയനാട് 12, കാസര്‍കോട് 44.
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 1, കോട്ടയം 5, എറണാകുളം, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5.
രോഗികളിൽ 130 പേർ വിദേശത്തുനിന്നും 68 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്. ആരോഗ്യ പ്രവർത്തകർ 8. ബി.എസ്.എഫ് ജവാന്മാർ ഒന്ന്, ഐ.ടി.ബി.പി രണ്ട്, സി.ഐ.എസ്.എഫ് രണ്ട് എന്നിങ്ങനെയും രോഗബാധിതരുണ്ട്. സമ്പർക്കത്തിലൂടെ രോഗം വന്ന 26 പേരുടെ രോഗത്തിന്‍റെ ഉറവിടം അറിവായിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14, 227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച് 8930 പേര്‍ക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 4454 പേരാണ്. ആകെ 252302 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 7745 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
