
കാസർകോട്: കിഫ്ബി,പ്ലാന്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. സംസ്ഥാനതലത്തില്‍ 144 പൊതു വിദ്യാലയങ്ങളാണ് മികവിന്‍റെ കേന്ദ്രങ്ങളായി മാറിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനായി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാക്ഷണം നടത്തി.
കിഫ്ബിയുടെ മൂന്ന് കോടി രൂപാ ധനസഹായത്തോടെ നിര്‍മ്മിച്ച ജില്ലയിലെ കുട്ടമത്ത് ജി.എച്ച് എസ്.എസ്, പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഗവണ്‍മെന്റ് സ്‌പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്റര്‍ ഗവണ്‍മെന്റ് അന്ധ വിദ്യാലയം എന്നിവയുടെ കെട്ടിടോദ്ഘാടനവും കിഫ്ബിയുടെ മൂന്ന് കോടി ധനസഹായത്തോടെ നിര്‍മ്മിക്കാന്‍ പോകുന്ന കാഞ്ഞങ്ങാട് ജി. വി. എച്ച്. എസ്. എസ്, അഡൂര്‍ ജി. എച്ച്. എസ്. എസ്, കുമ്പള ജി. എസ്. ബി. എസ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് ഇന്ന് നടന്നത്.
സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഇന്നത്തെ തലമുറയെ മാത്രം ലക്ഷ്യമാക്കിയല്ല, വരുംതലമുറയുടെ നല്ല ഭാവിയെ കൂടി മുന്നില്‍ കണ്ടാണെന്നും ഇതിനുള്ള വലിയ ഉദാഹരണമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നമ്മുടെ ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അവിടെയുള്ള അധ്യാപക രക്ഷകര്‍തൃ സമിതിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനകളുടെയും ഇത്തരം കാര്യങ്ങളില്‍ താല്പര്യമുള്ള വ്യക്തികളുടെയുമെല്ലാം വലിയൊരു കൂട്ടായ്മയാണ് ഒന്നായി പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രദേശത്തെയും വിദ്യാലയം ആ നാടിന്‍റെ വലിയൊരു പൊതുസ്വത്താണ്. അതിനാല്‍ത്തന്നെ വിദ്യാലയത്തിന്‍റെ വികസനം ഒരു നാടിന്‍റെ മുഖച്ഛായ തന്നെയാണ് മാറ്റുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലോക നിലവാരത്തിലേക്ക് നമ്മുടെ വിദ്യാലയങ്ങളും ഉയരുകയാണ്.
നല്ല സൗകര്യപ്രദമായ കെട്ടിടങ്ങളും സാങ്കേതിക സൗകര്യങ്ങള്‍ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളും വിദ്യാലയങ്ങളില്‍ ഉണ്ടാകും. മാറുന്ന കാലഘട്ടതിനനുസരിച്ച് ഇനിയും നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈനായപ്പോഴും എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളിലേക്കും വിദ്യാഭ്യാസം മുടങ്ങാതെ എത്തിക്കാന്‍ നമുക്കായി.
കോവിഡാനന്തരം സാധരണ നിലയിലേക്ക് ജീവിതം വരുന്നതോടെ വിദ്യാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു വിപ്ലവമാണ് വരുത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്ക് വന്നപ്പോള്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി പൊതുവിദ്യാലയങ്ങളില്‍ വന്നുവെന്നതാണ് ഇതിനുള്ള തെളിവെന്നും മുഖ്യമന്ത്രി പറഞ്ഞു.
